പീഡനങ്ങൾക്കോ പ്രതിസന്ധികൾക്കോ തകർക്കാൻ കഴിയാത്തതാണ് സുറിയാനി സഭാമക്കളുടെ വിശ്വാസവും സഭാസ്നേഹവും
കോലഞ്ചേരി ഉൾപ്പെടെയുള്ള 3 പള്ളികളെ സംബന്ധിച്ചു ബഹു. സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ വിധിയെ സംബന്ധിച്ചു പല ആശങ്കകളും ഭാവിയെക്കുറിച്ചുള്ള ആകുലതകളും പലരെയും അസ്വസ്ഥരാക്കിയിരിക്കുന്ന ഒരു സന്ദർഭമാണ്. എന്നാൽ പരിശുദ്ധ സഭയുടെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇതിനേക്കാൾ പ്രതിസന്ധി നിറഞ്ഞ സന്ദർഭങ്ങളും പ്രതികൂലതകളും നാമൊക്കെയും അഭിമുഖിപികരിച്ചിട്ടുണ്ട് . അപ്പോഴെല്ലാം ദൈവത്തിന്റെ അളവറ്റ കരുണയിൽ ആശ്രയിച്ചു നമ്മുടെ പിതാക്കന്മാരുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടു കണ്ണുനീരോടെ പ്രാർത്ഥിച്ചപ്പോൾ ദൈവം ചെയ്ത അത്ഭുതങ്ങളും നടത്തിയ വഴികളും നമുക്ക് ഓർക്കാം. ഉദാഹരണമായി 2002ൽ യാക്കോബായ സുറിയാനി സഭയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു എന്ന് ചിലർ പ്രഖ്യാപിച്ചപ്പോൾ കോതമംഗലം ചെറിയ പള്ളിയിൽ ശ്രേഷ്ഠ ബാവായോടുകൂടി സഭാമക്കൾ പ്രാർത്ഥിച്ചപ്പോൾ അന്നു നടന്ന അത്ഭുതം നമുക്ക് മറക്കാൻ കഴിയില്ലല്ലോ. ഇപ്പോഴത്തെ വിധിയിൽ 3 പള്ളികൾ 34ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണം എന്നും 2002ലെ ഭരണഘടന ബാധകമല്ലെന്നതുമാണ് പറഞ്ഞിരിക്കുന്നത്. അതേസമയം തന്നെ 95ലെ 3 അംഗബഞ്ചിന്റെ വിധി അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോഴത്തെ വിധി. ഇതിൽ ചില കാര്യങ്ങൾ നാമോർത്തിരിക്കേണ്ടത് 95ലെ വിധിയിലെ പ്രധാനപ്പെട്ട 9 കാര്യങ്ങളിൽ ഒന്ന് മാത്രമാണ് 34ലെ ഭരണഘടനാ. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സ്ഥാനം സംബന്ധിച്ചും ഇടവക പള്ളികളുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് എല്ലാം ബഹു. സുപ്രീം കോടതി പറഞ്ഞ കാര്യങ്ങൾ നിലനിൽക്കുകയാണ്.
ഇനി 34ലെ ഭരണഘടനയും 2002ലെ ഭരണഘടനയും സഭയുടെ ഭരണക്രമീകരണങ്ങൾക്കുള്ളതാണ്. ഈ ഭരണഘടനകൾ ഉണ്ടാകുന്നതിനു നൂറ്റാണ്ടുകൾക്ക് മുമ്പ് സഭയുള്ളതാണ്. ഒരു ഭരണഘടനയുടെ സാധ്യത ചോദ്യം ചെയ്യപ്പെട്ടാലും സഭ ഇല്ലാതാകുന്നില്ല. 34ലെ ഭരണഘടനക്ക് സാധുത ഇല്ലെന്നു കോടതി പറഞ്ഞാൽ ഓർത്തഡോക്സ് സഭ ഇല്ലാതായെന്നു ഓർത്തഡോക്സ് സഭ സമ്മതിക്കുമോ. അതുകൊണ്ട് 2002ലെ ഭരണഘടനയെ സംബന്ധിച്ച പരാമർശനങ്ങളിൽ നമ്മൾ അമിതമായി വ്യാകുലപ്പെടേണ്ടതില്ല..
കഴിഞ്ഞ ദിവസത്തെ വിധിയുടെ ഖണ്ഡിക 184:22ൽ നിയമപ്രകാരം രെജിസ്റ്റർ ചെയ്യാത്ത 34ലെ ഭരണഘടനക്ക് ഏതെങ്കിലും വസ്തുവകകളിൽമേലുള്ള അധികാരം സ്ഥാപിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ഉള്ള നിയന്ത്രണത്തെക്കുറിച്ചു പറയുന്നുണ്ട്. ഇതുപോലെ പല കാര്യങ്ങളും വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം ഇത് വിശ്വസത്തിന്റെ പ്രശ്നമാണ്. പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിൻ കീഴിൽ വിശ്വാസത്തിലും ആരാധനയിലും നിലനിൽക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടുകൂടി സഭാമക്കൾ കഷ്ടപ്പെട്ട് ത്യാഗം സഹിച്ചു പടുത്തുയർത്തിയ ദേവാലയങ്ങൾ ഉപേക്ഷിക്കുവാൻ നമുക്ക് സാധിക്കുകയില്ല. അത് സംരക്ഷിക്കുവാൻ നമുക്ക് ഉത്തരവാദിത്വവുമുണ്ട്. 100 വർഷത്തോളം പഴക്കമുള്ള സഭ കേസ് കോടതി വിധിയിലൂടെ മാത്രം പരിഹരിക്കപ്പെടുമായിരുന്നെങ്കിൽ അതെന്നേ അവസാനിച്ചേനെ. ബഹു . സുപ്രീം കോടതി പതിറ്റാണ്ടുകൾക്ക് മുമ്പ് പുറപ്പെടുവിച്ച മതപരമായ ഒരു പ്രമാദമായ വിധി നടപ്പാക്കാൻ പറ്റാതെ വന്നപ്പോൾ സുപ്രീം കോടതി തന്നെ മാധ്യസ്ഥം വഹിക്കാമെന്നു പറഞ്ഞത് നാം മറക്കരുത്.
അതുകൊണ്ട് യാക്കോബായ സുറിയാനി സഭ എപ്പോഴും അനുരഞ്ചനത്തിന്റെ പാതയിലൂടെ ശാശ്വത പരിഹാരം ഉണ്ടാക്കുവാനാണു ശ്രമിച്ചിട്ടുള്ളത്. ഇനിയെങ്കിലും കേസുകളുടെ മാർഗ്ഗം ഉപേക്ഷിച്ചു കൃസ്തിയ മാർഗത്തിലൂടെ ഒരു മേശക്ക് ചുറ്റുമിരുന്ന് ഇരുവിഭാഗത്തിലെ ആളുകൾ പ്രശ്നങ്ങൾ പരിഹരിച്ചു സമാധാനത്തിലും പരസ്പരസഹകരണത്തിലും 2 സഹോദരി സഭകളായി മുന്നോട്ടു പോകുവാനുള്ള സഭാതലവൻ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ആഹ്വാനം ചെവിക്കൊള്ളേണ്ടതാണ്. ഏകപക്ഷിയമായി ഒരു വിഭാഗത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് പള്ളികൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമായി മറ്റൊരു വിഭാഗം ശ്രമിച്ചാൽ വീണ്ടും പള്ളികളിൽ പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കപ്പെടുമെന്നത് നിർഭാഗ്യകരവും അത്യന്തം വേദനാജനകവുമാണ്.
നീതിപൂർവ്വവവും കൃസ്തീയവുമായ അനുരഞ്ചനത്തിനും സമാധാനശ്രമങ്ങൾക്കും യാക്കോബായ സഭ എന്നും ഒരുക്കമാണ്. അതിനുള്ള ഒരു സാഹചര്യം അല്ലെങ്കിൽ ദൈവകൃപയിൽ ആശ്രയിച്ചു ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിൽ പരിശുദ്ധ സഭാ മക്കൾ മുഴുവനും സത്യവിശ്വാസസംരക്ഷണത്തിനും ആരാധനാലയങ്ങളുടെ സംരക്ഷണത്തിനും കൃസ്തീയ മാർഗത്തിലൂടെ മുന്നോട്ടു പോകും. പീഡനങ്ങൾക്കോ പ്രതിസന്ധികൾക്കോ തകർക്കാൻ കഴിയാത്തതാണ് സുറിയാനി സഭാമക്കളുടെ വിശ്വാസവും സഭാസ്നേഹവുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണല്ലോ. സഭാസമാധാനത്തിന് രമ്യമായിട്ടുള്ള പ്രശ്നപരിഹാരത്തിനും അതിലൂടെ ഭാരത സുറിയാനി സഭാമക്കൾ എല്ലാവരും കൂട്ടായ ഒരു സാക്ഷ്യം നൽകുവാൻ ദൈവം കൃപ നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
നിങ്ങളുടെ സ്വന്തം തെയോഫിലോസ് തിരുമേനി …