സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീ സ് ബാവയുടെ കബറടക്ക ശുശ്രൂഷ 28ന് ദമാസ്‌കസില്‍
സാഖാ ഒന്നാമന്‍ പാത്രിയാര്‍ക്കീസ് ഓര്‍മയായി. പരിശുദ്ധ പത്രോസിന്റെ ൈശ്ലൈഹിക സിംഹാസനത്തില്‍ പിന്തുടര്‍ച്ചക്കാരനായി മൂന്ന് പതിറ്റാണ്ടിേലറെ സഭയെ നയിച്ച സാഖാ ഒന്നാമന്റെ ദേഹവിയോഗം ആകമാന സുറിയാനിസഭയ്ക്ക് തീരാനഷ്ടം. ഇത് ദൈവനിശ്ചയമെങ്കിലും പള്ളിമണികള്‍ വിളിച്ചറിയിച്ച ആ ദുഃഖസത്യം ഉള്‍ക്കൊള്ളാനാകാതെ വിശ്വാസഹൃദയങ്ങള്‍ തേങ്ങി.
പാത്രിയാര്‍ക്കീസ് ബാവ കാലംചെയ്ത വാര്‍ത്തയറിഞ്ഞ് വിശ്വാസികള്‍ വെള്ളിയാഴ്ച വൈകീട്ടുതന്നെ പള്ളികളിലെത്തി. തുടര്‍ന്ന് പ്രത്യേക ധൂപപ്രാര്‍ഥന നടത്തി. അന്ത്യോഖ്യാ പതാക പകുതി താഴ്ത്തിക്കെട്ടി കറുത്ത കൊടിയുയര്‍ത്തി. ശനിയാഴ്ച രാവിലെയും പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്തി.
ഞായറാഴ്ച നടക്കുന്ന കുര്‍ബാനമദ്ധ്യേ പാത്രിയാര്‍ക്കീസ് ബാവായ്ക്കുവേണ്ടി ശുശ്രൂഷയും ധൂപപ്രാര്‍ഥനയും നടത്തും. വീടുകളിലും വിശ്വാസികള്‍ പാത്രിയാര്‍ക്കീസിനായി പ്രത്യേകം പ്രാര്‍ഥിച്ചുവരുന്നു. കബറടക്കം വരെ ഇത് തുടരും.
ദമാസ്‌കസിലെ പാത്രിയാര്‍ക്ക ആസ്ഥാനത്തുള്ള സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍, 28-ാം തിയ്യതി വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കുശേഷം മൂന്നിന് (ദമാസ്‌കസില്‍ രാവിലെ 11 മണി) കബറടക്ക ശുശ്രൂഷ നടക്കും. സുറിയാനി സഭയുടെ കിഴക്കിന്റെ കാതോലിക്ക പ്രധാന കാര്‍മ്മികനാകണമെന്ന കീഴ്വഴക്കത്തില്‍ ശ്രേഷ്ഠ കാതോലിക്കാ ബസേലിേയാസ് തോമസ് പ്രഥമന്‍ ബാവാ കബറടക്ക ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
ജര്‍മനിയിലെ യാക്കോബ് ദയറ അരമനയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ചൊവ്വാഴ്ച ബെയ്‌റൂട്ടിലെത്തിക്കും. അവിടെ മോര്‍ എഫ്രേം പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വ്യാഴാഴ്ച ബെയ്‌റൂട്ടിലെ സിറിയന്‍ കത്തീഡ്രലില്‍ നടക്കുന്ന അനുശോചന സമ്മേളനത്തില്‍ രാഷ്ട്രീയനേതാക്കളും എക്യുമെനിക്കല്‍ രംഗത്തെ ആഗോളനേതാക്കളും അന്തിമോപചാരമര്‍പ്പിക്കും. ഉച്ചയോടെ റോഡുമാര്‍ഗ്ഗം സിറിയയിലേക്ക് പുറപ്പെട്ട് രാത്രി ദമാസ്‌കസിലെ പാത്രിയര്‍ക്ക ആസ്ഥാനത്തുള്ള സെന്റ് ജോര്‍ജ് പാത്രിയാര്‍ക്കല്‍ കത്തീഡ്രലിലെത്തിക്കും.
വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ കബറടക്കും. അടുത്ത പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കാനുള്ള ആകമാന സുറിയാനി സഭാ സുന്നഹദോസിലും ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവാ നേതൃത്വം നല്‍കും. സാഖാ പ്രഥമന്‍ ബാവായെ തിരഞ്ഞെടുത്ത് വാഴിച്ചതും മുന്‍ഗാമിയായിരുന്ന യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കബറടക്കശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയതും, കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവായായിരുന്നു.