വിശ്വാസ സാഗരമായി മഞ്ഞനിക്കര തീര്‍ത്ഥാടന സംഗമം
മഞ്ഞനിക്കര: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ് ത്രിതീയന്‍ ബാവായുടെ അനുഗ്രഹംതേടി ഇന്നലെ പതിനായിരങ്ങള്‍ മഞ്ഞനിക്കര ദയറായില്‍ എത്തിയപ്പോള്‍ അത് യാക്കോബായ സഭയുടെ ആഗോള തീര്‍ത്ഥാടന സംഗമമായി മാറി. മാനന്തവാടി, കോഴിക്കോട്, കോട്ടയം, കട്ടപ്പന, മൂവാറ്റുപുഴ, അടിമാലി എന്നിവിടങ്ങളില്‍നിന്നുള്ള വടക്കന്‍ മേഖലാ പദയാത്രയും ഹൈറേഞ്ച് മേഖലാ തീര്‍ഥയാത്രാ സംഘങ്ങളും ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഓമല്ലൂര്‍ കുരിശിങ്കലെത്തി. റാന്നി, കൊല്ലം, അടൂര്‍, വകയാര്‍, വാഴമുട്ടം ഭാഗത്തുനിന്നുള്ള തെക്കുകിഴക്ക് തീര്‍ഥയാത്രാ സംഘങ്ങള്‍ ഉച്ചയ്‌ക്ക് രണ്ടുമണിയോടെയും ഓമല്ലൂരില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഓമല്ലൂര്‍ കുരിശടിയില്‍ 3 ന് തീര്‍ഥാടകര്‍ക്ക് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നേതൃത്വത്തില്‍ ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ, മുന്‍ മന്ത്രി ടി.യു കുരുവിള എന്നിവര്‍ പൗരാവലിക്കൊപ്പം സ്വീകരണം നല്‍കി മഞ്ഞനിക്കര ദയറായിലേക്ക് ആനയിച്ചു. 4 ന് മഞ്ഞിനിക്കര കബറിങ്കല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നതോടെ വിശുദ്ധന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന ആരംഭിച്ചു. പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയ മത്താ അല്‍ഖുറി മാര്‍ തിമോത്തിയോസ്, മധ്യപൗരസ്‌ത്യ തീര്‍ത്ഥാടകര്‍ക്കൊപ്പം എത്തിയ ആര്‍ച്ച് ബിഷപ്പുന്മാരായ ജോര്‍ജ് സ്ലീബാ മാര്‍ തെയോഫിലോസ് (ലബനന്‍), മത്യൂസ് നയിസ് മാര്‍ പീലിക്‌സിനോസ് (ജര്‍മനി), ദാവൂദ് മാര്‍ നിക്കോദീമോസ് (ഇറാഖ്), എഡ്വേര്‍ഡ് മാര്‍ യാക്കൂബ് (ഗ്വാട്ടിമല), പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര അഫയേഴ്‌സ് സെക്രട്ടറി മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ ഇന്നലെ രാവിലെതന്നെ മഞ്ഞനിക്കരയില്‍ എത്തിയിരുന്നു. തീര്‍ത്ഥാടന സംഗമത്തെ തുടര്‍ന്ന് വൈകിട്ട് 6 ന് നടന്ന തീര്‍ത്ഥയാത്രാ സമാപന സമ്മേളനം അന്ത്യോക്യാ പ്രതിനിധി മത്താ അല്‍ഖുറി മാര്‍ തിമോത്തിയോസ് ഉദ്‌ഘാടനം ചെയ്‌തു. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ജോര്‍ജ് സ്ലീബാ മാര്‍ തെയോഫിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ഏലിയാസ് സ്വര്‍ണമെഡല്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസും തുമ്പമണ്‍ ഭദ്രസനത്തില്‍ നിന്നുളള അവാര്‍ഡുകള്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസും തീര്‍ത്ഥാടന സംഘത്തിനുളള അവാര്‍ഡ് കുര്യാക്കോസ് മാര്‍ ദിയസ്‌കോറസും വിതരണം ചെയ്‌തു. സമ്മേളനത്തിന് ശേഷം മോറോന്റെ ഖബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥനയ്‌ക്ക് ശേഷം രാത്രി 10.30 ന് സമാപന റാസയും നേര്‍ച്ചവിളമ്പും നടന്നു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ കബറിടം വിദേശരാജ്യത്തുള്ളത് പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയില്‍ മാത്രമാണ്. ഇതുമൂലം വിദേശത്തുള്ള നൂറ് കണക്കിന് വിശ്വാസികളും ഇന്നലെ മഞ്ഞനിക്കരയില്‍ എത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിന് മാര്‍ സ്‌തേഫാനോസ് പളളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് ദയറാ പളളിയിലും അഞ്ചുമണിക്ക് ശേഷം ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു – See more at: http://www.mangalam.com/religion/146559#sthash.nbc3jWRR.dpuf