ലോക സമാധാനത്തിനായി പ്രാര്‍ത്ഥനായജ്ഞം
നെടുമ്പാശ്ശേരി: ലോകസമാധാനത്തിനായി തുരുത്തിശ്ശേരി സിംഹാസന പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥനായജ്ഞം നടത്തി. വിശുദ്ധ ബൈബിളിലെ ചരിത്രസംഭവങ്ങള്‍ നടന്ന പുണ്യഭൂമിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷവും കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച യുദ്ധവും അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും ലോകത്തിലെ വന്‍ ശക്തികളും ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി. പങ്കെടുത്ത എല്ലാവരും മെഴുകുതിരി കത്തിച്ചുപിടിച്ച് പ്രതിജ്ഞാ വാചകം ചൊല്ലി. സിറിയ, പാലസ്തീന്‍, ഇസ്രായേല്‍, ഇറാഖ് എന്നിവിടങ്ങളില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡോ. ഏല്യാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രാര്‍ത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് അരിയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജേക്കബ് ചാലിശ്ശേരി കോര്‍ എപ്പിസ്‌കോപ്പ, പി.ഐ.ബൈജു, ഫാ. ജോര്‍ജ് വര്‍ഗീസ്, സിസ്റ്റര്‍ വളേരിയ, ഷെവലിയാര്‍ സി.വൈ.വര്‍ഗീസ്, റെജി സി.വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.