യുവാക്കളുടെ കൂട്ടായ്മയില്‍ സണ്‍ഡേസ്‌കൂള്‍ ഹാള്‍ ഒരുങ്ങി

നെടുമ്പാശ്ശേരി: യുവാക്കളുടെ കൂട്ടായ്മയില്‍ മനോഹരമായ ഹാള്‍ ഒരുങ്ങി. പൊയ്ക്കാട്ടുശ്ശേരി മാര്‍ കുറിയാക്കോസ് ചാപ്പലിലാണ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ 40 യുവാക്കള്‍ ചേര്‍ന്ന് സണ്‍ഡേസ്‌കൂള്‍ ഹാള്‍ നിര്‍മിച്ചത്. പൊയ്ക്കാട്ടുശ്ശേരി മാര്‍ ബഹനാം യാക്കോബായ പള്ളി സ്ഥാപിതമായതിന്റെ സ്മരണ പുതുക്കിയാണ് യുവാക്കളുടെ നേതൃത്വത്തില്‍ ശതോത്തര രജതജൂബിലി ഹാള്‍ നിര്‍മ്മിച്ചത്.

ഒരു മാസത്തോളം രാത്രിയും പകലും അധ്വാനിച്ചാണ് ജനകീയ പങ്കാളിത്തത്തോടെ ഹാള്‍ ഒരുക്കിയത്. ഉപയോഗിക്കാതെ കിടന്ന സ്ഥലം ഉപയോഗപ്പെടുത്തി ഹാള്‍ സജ്ജമാക്കുകയായിരുന്നു. ട്രസ്സ്‌വര്‍ക്ക്, പെയിന്റിങ്, കോണ്‍ക്രീറ്റിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയെല്ലാം യൂത്ത് അസോസിയേഷന്‍ തന്നെ ചെയ്തു. 400 ഓളം കസേരകള്‍ ഹാളില്‍ ഇടാന്‍ കഴിയും വിധമാണ് നിര്‍മ്മാണം. ഇതോടൊപ്പം കിണറിന്റെയും ബാത്ത്‌റൂമിന്റെയും പുനരുദ്ധാരണവും നടത്തി. ചാപ്പലില്‍ യൂത്ത് അസോസിയേഷന്‍ രൂപവത്കൃതമായിട്ട് 5 മാസമേ ആയിട്ടുള്ളൂ. ജാതിമത ഭേദമെന്യേ പഠനസഹായം, ചികിത്സാസഹായം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അസോസിയേഷന്‍ നടത്തുന്നുണ്ട്. ഫുട്‌ബോള്‍ ടീമും ഷട്ടില്‍ ടീമും ഉണ്ട്. രാമമംഗലത്ത് നടന്ന അഖില മലങ്കര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാര്‍ കുര്യാക്കോസ് യൂത്ത് അസോസിയേഷന്‍ കിരീടം ചൂടുകയും ചെയ്തു.

ഹാള്‍ നിര്‍മ്മാണത്തിന് രാജന്‍ വര്‍ഗീസ്, എ.എ. വര്‍ഗീസ്, ബിജു ബഹനാന്‍, കെ.ജെ.എല്‍ദോസ്, ബിജു തോട്ടുങ്ങല്‍, ടി.പി.തോമസ്, ദീപു വര്‍ക്കി, ബേബി ഏല്യാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സഖറിയാസ് മാര്‍ പോളി കാര്‍പ്പോസ് ഹാളിന്റെ കൂദാശ നടത്തി. ഫാ. എബ്രഹാം നെടുന്തള്ളില്‍, ഫാ. ഗീവര്‍ഗീസ് മാത്യു പാറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി

Comments are closed.