യാക്കോബായ -കത്തോലിക്ക ദൈവശാസ്‌ത്ര കമ്മിഷൻ സമ്മേളനം: സെമിനാരികളിൽ സഹകരിച്ച് പ്രവർത്തിക്കും
കൊച്ചി: കത്തോലിക്ക സഭയുടെയും-യാക്കോബായ സഭയുടെയും ദൈവശാസ്‌ത്ര പഠനകേന്ദ്രങ്ങൾ സഭൈക്യ പ്രവർത്തനങ്ങൾക്കായി സഹകരിച്ചു പ്രവർത്തിക്കും.പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന യാക്കോബായ-കത്തോലിക്ക സഭകൾ തമ്മിലുള്ള സഭൈക്യ സംവാദത്തിലണു സഭൈക്യ പഠനങ്ങൾ യോജിച്ച് ആസൂത്രണം ചെയ്ാനുയള്ള തീരുമാനം. എക്യുമെനിക്കൽ ചർച്ചകളിലൂടെ ദൈവം തെളിക്കുന്ന വിശ്വാസവെളിച്ചം സമൂഹത്തിൽ എല്ലായിടത്തും എത്തിക്കാൻ കഴിയണമെന്ന് ചർച്ചകൾ ഉദ്‌ഘാടനം ചെയ്‌ത് ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ആഹ്വാനം ചെയ്‌തു.
സിറിയയിൽ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ക്രൈസ്‌തവ സമൂഹത്തിനുവേണ്ടി പ്രാർഥനയും പിന്തുണയും അറിയിക്കാൻ സമ്മേളനം തീരുമാനിച്ചു. പാശ്‌ചാത്യ സുറിയാനി ആരാധനാക്രമത്തിൽ പത്രോസിന്റെ പ്രഥമ സ്‌ഥാനീയതയെക്കുറിച്ച് മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തായും സുറിയാനി സഭാപിതാക്കന്മാരുടെ പഠനങ്ങളിലെ പത്രോസിന്റെ പ്രഥമ സ്‌ഥാനീയതയെക്കുറിച്ച് റവ. ഡോ. ജേക്കബ് തെക്കേപ്പറന്പിലും പ്രബന്ധം അവതരിപ്പിച്ചു.
സഭൈക്യത്തെക്കുറിച്ചുള്ള ഓർത്തഡോക്‌സ്- കത്തോലിക്ക കാഴ്‌ചപ്പാടുകളെക്കുറിച്ച് ആർച്ച് ബിഷപ് ബിയാൻ ഫാരേൽ വ്യക്‌തമാക്കി. വി. പത്രോസിന്റെ പ്രഥമ സ്‌ഥാനീയതയെക്കുറിച്ച് ആരാധനാ ക്രമത്തിലും വിശുദ്ധ ഗ്രന്ഥത്തിലും സഭാപിതാക്കന്മാരിലും ഉള്ള ദർശനങ്ങളെക്കുറിച്ച് യോജിച്ച് പഠനങ്ങൾ സംഘടിപ്പിക്കാനും പഠനങ്ങൾ സമാഹരിച്ച് പ്രസിദ്ധികരിക്കാനും സമ്മേളനം പ്രത്യേക സമിതിക്ക് രൂപം നൽകി.
വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രമോട്ടിംഗ് ക്രിസ്‌ത്യൻ യൂണിറ്റിയുടെ സെക്രട്ടറി ആർച്ച് ബിഷപ് ബ്രിയാൻ ഫാരലും യാക്കോബായ സഭയുടെ എക്യുമെനിക്കൽ വിഭാഗം അധ്യക്ഷൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസും സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചു.
യാക്കോബായ സഭയെ പ്രതിനിധികരിച്ച് ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ്, മാത്യുസ് മോർ അഫ്രേം, ഡോ. മാത്യസ് മോർ അന്തിമോസ്, ഡോ. ആദായി ജേക്കബ് കോറെപ്പിസ്‌കോപ്പ, ഡോ. കുര്യാക്കോസ് മൂലയിൽ കോറെപ്പിസ്‌കോപ്പ, റവ.ഫാ. ഷിബു ചെറിയാൻ, റവ.ഡോ. പ്രിൻസ് മണ്ണത്തൂർ, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ എന്നിവർ പങ്കെടുത്തു. കത്തോലിക്ക സഭയെ പ്രതിനിധികരിച്ച് ആർച്ച്‌ബിഷപ്പുമാരായ മാർ ജോസഫ് പവ്വത്തിൽ, മാർ മാത്യൂ മൂലക്കാട്ട്, തോമസ് മോർ കുറിലോസ്, ബിഷപ്പ് ഡോ. സെൽവിസ്‌റ്റർ പൊന്നുമുത്തൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, റവ.ഡോ. അഗസ്‌റ്റിൻ കടന്പാട്ട്, റവ.ഡോ. മാത്യൂ വെള്ളാനിക്കൽ, റവ.ഡോ. സേവ്യർ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപറന്പിൽ, റവ. ഡോ. ഫിലിപ്പ് നെൽപ്പുരപറന്പിൽ, ഫാ. ഗബ്രിയേൽ ക്വിക്ക് എന്നിവർ പങ്കെടുത്തു.