ഭക്തിയുടെ നിറവില്‍ കോതമംഗലം കണ്‍വെന്‍ഷന് തുടക്കം
യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന കിഴക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ കണ്‍വെന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം. പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന മാര്‍തോമ ചെറിയപള്ളി അങ്കണത്തില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
കോതമംഗലത്തേയും പരിസരത്തേയും കൂടാതെ ഹൈറേഞ്ച് മേഖലയിലെ പള്ളികളില്‍ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികളാണ് സുവിശേഷ യോഗത്തിന് ദിവസേന എത്തുന്നത്.
കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു.
നോമ്പും പ്രാര്‍ത്ഥനയും വിശ്വാസിയെ ആത്മീയ ഉണര്‍വിലേക്ക് എത്തിക്കുമെന്ന് ശ്രേഷ്ഠ ബാവ ഉദ്‌ബോധിപ്പിച്ചു. പ്രാര്‍ത്ഥന, ദൈവത്തെ ഉള്‍ക്കണ്ണ് കൊണ്ട് ദര്‍ശിക്കാന്‍ നമ്മെ സജ്ജരാക്കുമെന്നും അദ്ദേഹം അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസ് ചടങ്ങില്‍ അധ്യക്ഷനായി. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ചെറിയപള്ളി വികാരി ഫാ. സിബി ഇടത്തില്‍ സ്വാഗതം പറഞ്ഞു. ഫാ. സജി മണര്‍കാട് വചന ശുശ്രൂഷ നടത്തി.
ന്യായവിധിയെ അഭിമുഖികരിക്കാനും നരകത്തെ ഭയപ്പെടാനും ദൈവരാജ്യത്ത് എത്തിച്ചേരാനും ക്രൈസ്തവര്‍ ഒരുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന നല്ല പ്രവൃത്തിയോ തെറ്റായ പ്രവൃത്തിയോ അവനെ, ന്യായം വിധിക്കുമ്പോള്‍ ദൈവരാജ്യത്തിന്റെ പ്രവേശനം ലഭിക്കാന്‍ തക്കവിധം നമ്മുടെ പ്രവര്‍ത്തനം ക്രമീക്കരിക്കണം. ന്യായവിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ത്യജിക്കണമെന്നും ഫാ. സജി അഭിപ്രായപ്പെട്ടു.
സുവിശേഷത്തിന് തുടക്കം കുറിച്ച് രാവിലെ കുര്‍ബാന അര്‍പ്പിച്ചു. വികാരിമാരായ ഫാ. ബിജു അരീക്കല്‍, ഫാ. എല്‍ദോസ് തോമ്പ്രയില്‍, ഫാ. ബിജു കൊരട്ടിയില്‍, ഫാ. മോന്‍സി എബ്രഹാം, തന്നാണ്ട് ട്രസ്റ്റിമാരായ സി.പി. കുര്യാക്കോസ്, രാജു യോഹന്നാന്‍, ട്രസ്റ്റിമാരായ പി.ഐ. ഏലിയാസ്, എബി വര്‍ഗീസ്, പി.എം. എല്‍ദോസ്, ബിനോയ് ദാസ്, പി.വി. പൗലോസ്, ബിനു പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.