ഫ്ളക്സ് ഉപയോഗം കുറയ്ക്കണമെന്ന് ഡോ. തോമസ് മോര് തീമോത്തിയോസ് മെത്രാപ്പോലീത്ത
കോട്ടയം: പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഫ്ളക്സിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണമെന്ന് യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മോര് തീമോത്തിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.ഭാവിതലമുറകള്‍ക്ക് കൈമാറാനുള്ളതാണ് ഭൂമി. ആവാസവ്യവസ്ഥ നാശോന്മുഖമാക്കാന്‍ ആര്‍ക്കും അവകാശമില്ല. വിശുദ്ധന്മാരുടെയും പിതാക്കന്മാരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫ്ളക്സുകള്‍ പൊതുസ്ഥലങ്ങളില്‍ വെയ്ക്കരുതെന്ന് മെത്രാപ്പോലീത്ത അറിയിച്ചിട്ടുണ്ട്. ഇവ ദേവാലയപരിസരങ്ങളിലല്ലാതെ പൊതുസ്ഥലങ്ങളില്‍ വെയ്ക്കുന്നത് കോട്ടയം ഭദ്രാസനത്തില്‍ അനുവദിക്കില്ല.
മൃതശരീരത്തില്‍ സിന്തറ്റിക് ശോശപ്പ സമര്‍പ്പിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും. ഇത് മണ്ണില്‍ ദ്രവിച്ച് ചേരാത്തതിനാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. സിന്തറ്റിക് ശോശപ്പയ്ക്ക് പകരം പുഷ്പമോ പുഷ്പചക്രമോ സമര്‍പ്പിക്കാം.
ദളിത് ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ ലഭ്യമാക്കണം. മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മാനുഷിക പരിഗണനയോടെ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുനഃക്രമീകരിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കോട്ടയം ഭദ്രാസന കൗണ്‍സില്‍ യോഗവും ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.