പിറവം പള്ളിക്കേസ് ഹൈക്കോടതി തള്ളി
പിറവം രാജാധിരാജ സെന്റ് മേരീസ് സുറിയാനി കത്തീഡ്രലില്‍ അവകാശവാദം ഉന്നയിച്ച് ഓര്‍ത്തഡോക്സ് വിഭാഗം ഫയല്‍ ചെയ്ത കേസ് ഹൈക്കോടതി തള്ളി.
ഇതോടെ 40 വര്‍ഷമായി തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. 1974 ല്‍ ആരംഭിച്ച കേസിനു തീര്‍പ്പ് കല്‍പ്പിച്ച് 2013 ല്‍ എറണാകുളം അഡീഷണല്‍ ജില്ലാ കോടതി പുറപ്പെടുവിച്ച വിധി അസാധുവാക്കി കൊണ്ടാണു ഹൈക്കോടതി വിധി.
1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്നും ഓര്‍ത്തഡോക്സ് വിഭാഗം മെത്രാപ്പോലീത്തമാരോ, വൈദികരോ പള്ളിയില്‍ ശുശ്രൂഷ നടത്തുന്നത് തടയരുത് എന്നതും ആയിരുന്നു പ്രധാന ആവശ്യം. യാക്കോബായ മെത്രാപ്പോലീത്തമാരോ വൈദികരോ പള്ളിയില്‍ പ്രവേശിക്കുന്നത് തടയണമെന്നും, 1934 ലെ ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന മാനേജിംഗ് കമ്മിറ്റിക്ക് അധികാരം കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ച നീണ്ട കാലയളവില്‍ നൂറുകണക്കിന് ഇടക്കാല ഉത്തരവുകള്‍ കോടതി നല്‍കിയിരുന്നു.
1934 ലെ ഭരണഘടന പ്രകാരം പള്ളി ഭരിക്കപ്പെടേണ്ടതാണെന്നുള്ള ഭാഗികമായ വിധി പ്രഖ്യാപനം നടത്തി, മറ്റ് ആവശ്യങ്ങള്‍ 2013 ല്‍ കോടതി തള്ളിക്കളഞ്ഞു. ഇതിനെതിരേ ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
യാക്കോബായ വിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ആര്.ഡി. ഷേണായ്, കെ. രാംകുമാര്‍, കെ.ജെ. കുര്യാച്ചന്, സജി വര്‍ഗീസ്, ഏലിയാസ് എം. ചെറിയാന് എന്നിവരും ഓര്‍ത്തഡോക്സ് വിഭാഗത്തിനു വേണ്ടി അഡ്വക്കേറ്റുമാരായ എസ്. ശ്രീകുമാര്‍, പോള്‍ കുര്യാക്കോസ് എന്നിവരും ഹാജരായി