പാത്രിയര്‍ക്കീസ് ബാവയുടെ വരവേല്പിനുള്ള ക്രമീകരണം തുടങ്ങി
സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് സഭാ അടിസ്ഥാനത്തില്‍ ഫിബ്രവരി 8 ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നല്കുന്ന വരവേല്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരികയാണ് എന്ന് ശ്രേഷ്ഠ കാതോലിക്ക ബേസലിയോസ് തോമസ് പ്രഥമന്‍ ബാവ. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഇതര സഭാപിതാക്കന്മാര്, സമുദായ നേതാക്കള്‍, സാംസ്കാരിക നായകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ശ്രേഷ്ഠ ബാവായുടെ അധ്യക്ഷതയില്‍ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചേര്‍ന്ന അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗത്തില്‍ ഭദ്രാസന മേഖലാ മെത്രാപ്പോലീത്തമാരും ഭദ്രാസനത്തില്‍ നിന്നുള്ള വികാരിമാരും പള്ളി പ്രതിനിധികളും ഭക്തസംഘടനാ ഭാരവാഹികളും പങ്കെടുത്തു. ദദ്രാസനത്തിലെ എല്ലാ പള്ളികളില്‍ നിന്നും വാഹനങ്ങള്‍ ക്രമീകരിച്ച് വിശ്വാസികളെ കോട്ടയത്തു നടക്കുന്ന സ്വീകരണ മഹാസമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി.
പൗലോസ് മോര് അത്തനാസിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ജനവരി 24, 25 തീയതികളിലായി ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.