പരിശുദ്ധ അപ്രേം പാത്രിയര്‍ക്കീസ് ബാവ അഭിഷിക്തനായി
ദമാസ്കസില്‍ നിന്ന് : ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെയും കിഴക്കിന്റെയും പുതിയ പാത്രിയര്‍ക്കീസായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് ബാവ അഭിഷിക്തനായി. ഇന്നലെ ദമാസ്കസില്‍ മറാദ് സെയ്ദാനിലുള്ള മോര് എഫ്രേം സെമിനാരിയി-ലെ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന പാത്രിയര്‍ക്കാ വാഴ്ചയ്ക്കും സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും സഭയിലെ രണ്ടാംസ്ഥാനിയും മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷനുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്കാതോലിക്കബാവ പ്രധാന കാര്‍മികനായിരുന്നു. പാത്രിയര്‍ക്കീസിന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന (കൈമാഖാം) മോര് സേവേറിയോസ് ഹവയും സുറിയാനിയിലെയും മലങ്കരയിലെയും അമ്പതിലേറെ മെത്രാപ്പോലീത്തമാരും സഹകാര്‍മികത്വം വഹിച്ചു.
കോപ്റ്റിക് സഭാധ്യക്ഷന് തേവോദോറോസ് രണ്ടാമന്, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് യൂഹാനോന്‍ അല്‍ യാസിജി, മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ കുര്‍ച്ച്, മുസ്ലിം മതപണ്ഡിതര്‍, സിറിയന്‍ സര്‍ക്കാരിന്റെ പ്രത്യേകപ്രതിനിധി തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണ പെരുന്നാള്‍ ദിനം കൂടിയായ ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച കുര്‍ബാന മധ്യേയാണു സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്. ഒമ്പതരയോടെ ശ്രേഷ്ഠ ബാവയും പാത്രിയര്‍ക്കീസ് ബാവയും ഒന്നിച്ചു പാത്രിയര്‍ക്കാ അരമനയിലെത്തി. പത്തരയ്ക്കു പള്ളിമണി മുഴങ്ങിയപ്പോള്‍ മുഖ്യകാര്‍മികനും സംഘവും ചാപ്പലിലേക്കു നീങ്ങി. ഏറ്റവും മുന്നില്‍ ശെമ്മാശന്മാര്, പിന്നെ വൈദികര്‍, മെത്രാന്മാര്, കാതോലിക്ക ബാവ, നിയുക്ത പാത്രിയര്‍ക്കീസ് എന്നിങ്ങനെയായിരുന്നു നിര. മലേക്കുരിശ് ദയറാധിപന്‍ കുര്യാക്കോസ് മോര് ദിയസ്-കോറോസ് അംശവടി പിടിച്ചു. മഞ്ഞനിക്കരയില്‍ കബറടങ്ങിയ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഉപയോഗിച്ചിരുന്നതാണ് ഈ വടി. സംഘം പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അന്ത്യോഖ്യ-മലങ്കര ബന്ധം നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യം മുഴക്കിയാണു മലയാളിസമൂഹം വരവേറ്റത്.
അള്‍ത്താരയുടെ വടക്കുവശത്ത് കൈമാഖാമും തെക്കുവശത്ത് ശ്രേഷ്ഠ കാതോലിക്ക ബാവയും ഇരുന്നു. ശ്രേഷ്ഠ കാതോലിക്ക ബാവയാണ് കുര്‍ബാന ആരംഭിച്ചത്. സ്വര്‍ഗാരോഹണ പെരുന്നാളിന്റെ ശുശ്രൂഷയ്ക്കുശേഷം സ്ഥാനാരോഹണച്ചടങ്ങ് ആരംഭിച്ചപ്പോള്‍ സമയം 12 മണി. മദ്ബഹായുടെ പിന്നില്‍ മുട്ടുമടക്കി പ്രാര്‍ഥനാനിരതനായിരുന്ന നിയുക്തസ്ഥാനിയെ ശ്രേഷ്ഠ ബാവയും കൈമാഖാമും ചേര്‍ന്ന് മദ്ബഹായുടെ മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് നിയുക്തസ്ഥാനി വിശ്വാസപ്രഖ്യാപനം ഉറക്കെ വായിച്ച് അതില്‍ ഒപ്പുവച്ചതോടെ ശുശ്രൂഷ ആരംഭിച്ചു. പുതിയ ബാവയ്ക്ക് മുഖ്യകാര്മികന് നാമകരണം നടത്തി മൂന്നു കുരിശുമാലകള്‍ അണിയിച്ചു.
ഈ സമയത്ത് ഇവന് സ്വീകാര്യന്‍ എന്നര്‍ഥം വരുന്ന ഓക്സിയോസ് വിളികള്‍ മുഴങ്ങി. വൈദികര്‍ ഉയര്‍ത്തിപ്പിടിച്ച പീഠത്തിലിരുന്ന് പുതിയ പാത്രിയര്‍ക്കീസ് സുവിശേഷഭാഗം വായിച്ചു. യോഹന്നാന് ശ്ലീഹ എഴുതിയ ഏവന്‍ഗേലിയോന്‍ ഭാഗമാണു വായിച്ചപ്പോള്‍ വിശ്വാസിസമൂഹം കൈകൊട്ടി ആര്‍പ്പിട്ടു. വായനയ്ക്കുശേഷം പുതിയ പാത്രിയര്‍ക്കീസിനെ സിംഹാസനത്തിലേക്ക് ആനയിച്ചിരുത്തി. തുടര്‍ന്നായിരുന്നു അംശവടി കൈമാറുന്ന ചടങ്ങ്. വടിയുടെ ഏറ്റവും മുകളില്‍ ശ്രേഷ്ഠ ബാവ പിടിച്ചു. താഴെ കൈമാഖാം. തുടര്‍ന്ന് മറ്റു മെത്രാന്മാരും ഏറ്റവും താഴെ പാത്രിയര്‍ക്കീസും.
ശ്രേഷ്ഠ ബാവയാണ് ആദ്യം പുതിയ പാത്രിയര്‍ക്കീസിനെ ആശ്ലേഷിച്ച് ആശീര്‍വാദം നല്‍കിയത്. തുടര്‍ന്നു കൈമാഖാം, ഇതര സഭാധ്യക്ഷര്‍ തുടങ്ങിയവരും ആശീര്‍വാദം ചെയ്തു. കലാപകാരികള്‍ തട്ടിക്കൊണ്ടുപോയ ആലപ്പോ ആര്‍ച്ച് ബിഷപ് മോര് ഗ്രി-ഗോറിയോസ് യൂഹന്ന ഇബാഹീമിന്റെ ചിത്രം പിടിച്ചുകൊണ്ടാണു ബെയ്റൂട്ട് ആര്‍ച്ച് ബിഷപ് ദാനി-യേല്‍ മോര് ക്ലിമീസ് കരംമുത്താനെത്തിയത്. ഗുരുവിന്റെ സ്മരണയ്ക്കു മുന്നില്‍ ബാവ വികാരാധീനനായി. അദ്ദേഹം ചിത്രം കെട്ടിപ്പിടിച്ച് ഒരു നിമിഷം കണ്ണടച്ചു വികാരഭരിതനായി.
സിറിയയിലെ മുഖ്യ ഇസ്ലാമിക മത പണ്ഡിതന് വേദിയിലെത്തി സിറിയന്‍, ഗ്രീക്ക് പാത്രിയര്‍ക്കീസുമാരുടെ കരംപിടിച്ചുയര്‍ത്തി ഏതു പ്രതിസന്ധിയിലും തങ്ങള്‍ ഒന്നിച്ചു നില്ക്കുമെന്നു പ്രഖ്യാപിച്ചതു നീണ്ട കരഘോഷത്തോടെയാണു വിശ്വാസികള്‍ സ്വീകരിച്ചത്. ചടങ്ങിനു ശേഷം കസേരയില്‍ ഇരുത്തി ചുമന്നാണു പള്ളിയില്‍നിന്ന് വിരുന്നു ഹാളിലേക്കു ബാവായെ കൊണ്ടുപോയത്.
അപ്രേം രണ്ടാമന് ബാവ ആഴ്ചയില്‍ രണ്ടുദിവസം ദമാസ്കസില്‍ ഉണ്ടാകും. മറ്റു ദിവസങ്ങളില്‍ ലെബനോനിലെ അച്ചാനെയിലുള്ള ആസ്ഥാനത്തായിരിക്കും. നാളെ പത്തിനു സിറിയയിലെയും മലങ്കരയിലെയും മെത്രന്മാര് പങ്കെടുക്കുന്ന സുന്നഹദോസ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ ചേരും.
ബുധനാഴ്ച 11 മണിയോടെ ബെയ്റൂട്ടിലെ അഷ്റാഫിയായിലെ സെന്റ് എഫ്രേം പള്ളില്നിന്നു പ്രാര്‍ഥനയ്ക്കുശേഷം അറുനൂറ് പേരടങ്ങുന്ന സംഘം 12 ബസുകളിലാണ് കനത്ത പട്ടാളകാവലില് മറാദ് സെയ്ദ്നായിലെത്തിയത്. നിയുക്ത പാത്രിയര്‍ക്കീസ് ബാവ കഴിഞ്ഞയാഴ്ച തന്നെ മറാദ് സെയ്ദ്നായില് എത്തി.
ഇന്ത്യയില്‍നിന്ന് എപ്പിസ്-കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര് ഗ്രിഗോറിയോസ്, ക്നാനായ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര് സേവേറിയോസ്, എം.എല്‍.എമാരായ ടി.യു. കുരുവിള, വി.പി. സജീന്ദ്രന്, കെ.പി.സി.സി. സെക്രട്ടറി ജെയ്സണ്‍ ജോസഫ്, ഷിബു തെക്കുംപുറം, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ട്.