തൃക്കുന്നത്ത് സെമിനാരിയിൽ ശ്രേഷ്‌ഠ ബാവയെ തടഞ്ഞ് ദേഹപരിശോധന; ധൂപപ്രാര്‍ഥന നടത്താതെ മടങ്ങി
ആലുവ: പോലീസ് ദേഹപരിശോധനയ്‌ക്കു ശ്രമിച്ചതിനെത്തുടര്‍ന്നു യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയ്‌ക്ക് അങ്കമാലി ഭദ്രാസന ആസ്‌ഥാനമായ ആലുവ തൃക്കുന്നത്തു പള്ളിയിലെ കബറിങ്കല്‍ പ്രവേശിച്ചു ധൂപപ്രാര്‍ഥന നടത്താന്‍ കഴിഞ്ഞില്ല.
യാക്കോബായ സഭയ്‌ക്ക് അനുവദിച്ച സമയത്ത് ഇന്നലെ വൈകിട്ടു നാലരയ്‌ക്കാണു ബാവയും മെത്രാന്മാരും ധൂപപ്രാര്‍ഥനയ്‌ക്കായി കറുത്ത കുപ്പായം ധരിച്ചു കബറിങ്കലേക്കു നീങ്ങിയത്. അവരെ പള്ളിയുടെ കവാടത്തില്‍ പോലീസ് തടഞ്ഞു. മെറ്റല്‍ ഡിറ്റക്‌റ്ററും സജ്‌ജമാക്കിയിരുന്നു. ദേഹപരിശോധന നടത്താന്‍ ശ്രമിച്ചപ്പോള്‍ സഭാ ഭാരവാഹികള്‍ പ്രതിഷേധിച്ചെങ്കിലും പോലീസ് പിന്‍വാങ്ങിയില്ല. ഇതേത്തുടര്‍ന്നു ബാവ മടങ്ങി.
ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്, ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ്, മാത്യൂസ് മോര്‍ അപ്രേം, കുറിയാക്കോസ് മോര്‍ യൗസേബിയോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, ഐസക് മോര്‍ ഒസ്‌താത്തിയോസ്, ഏലിയാസ് മോര്‍ യൂലിയോസ്, തോമസ് മോര്‍ അലക്‌സന്ത്രിയോസ്, സക്കറിയാസ് മോര്‍ പോളികാര്‍പ്പസ്, മാത്യുസ് മോര്‍ അന്തീമോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മെത്രാന്മാരുടെ ഔദ്യോഗികവേഷം ധരിച്ചു പ്രാര്‍ഥന നടത്താന്‍ സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്നു കഴിഞ്ഞ വര്‍ഷവും ബാവ കബറിങ്കല്‍ പ്രവേശിച്ചിരുന്നില്ല. ഈ വര്‍ഷം പെരുന്നാളിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവുമുണ്ടാകുമെന്നും ശ്രേഷ്‌ഠ കാതോലിക്ക ബാവയ്‌ക്കു കബറിങ്കല്‍ പ്രവേശിച്ചു ധൂപാര്‍പണം നടത്തുന്നതിനു തടസമുണ്ടാകില്ലെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെത്തി ബാവായെ അറിയിച്ചിരുന്നതാണെന്നു യാക്കോബായ സഭാ വൃത്തങ്ങള്‍ പറഞ്ഞു.
അതനുസരിച്ചാണു ബാവയും മെത്രാന്മാരും കറുത്ത കുപ്പായം ധരിച്ചു കബറിങ്കല്‍ പ്രവേശിക്കാനെത്തിയത്. കബറിങ്കല്‍ ഈ വര്‍ഷവും പ്രാര്‍ഥന നടത്താന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ യാക്കോബായ സഭ പ്രതിഷേധിച്ചു. തൃക്കുന്നത്തു സെമിനാരിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാടാണു സ്വീകരിക്കുന്നതെന്നു ശ്രേഷ്‌ഠ കാതോലിക്ക ബാവ ആരോപിച്ചു.
“കുറ്റവാളികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതുപോലെയും മെറ്റല്‍ ഡിറ്റക്‌ടര്‍ വഴി ദേഹപരിശോധന നടത്തിയും ആണ് യാക്കോബായ സഭയ്‌ക്കു പൂര്‍ണ അവകാശമുള്ള തൃക്കുന്നത്തു സെമിനാരിയില്‍ വൈദികരെയും വിശ്വാസികളെയും പ്രവേശിപ്പിച്ചത്.
ഈ നടപടി അപരിഷ്‌കൃതമാണ്. മെത്രാന്മാരോടു പോലും പോലീസ് അപമര്യാദയായിട്ടാണു പെരുമാറിയത്. ഇനിയും ഇതു സഹിക്കാനോ കൈയുംകെട്ടി കണ്ടുനില്‍ക്കാനോ സാധ്യമല്ല”-ശ്രേഷ്‌ഠ ബാവ പറഞ്ഞു. അതേസമയം, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ കറുത്ത കുപ്പായം ധരിച്ചു കബറിങ്കല്‍ പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചു. രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുവദിച്ച സമയത്തു വിശ്വാസികള്‍ പ്രാര്‍ഥന നടത്തി.