കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക് പെരുന്നാളിന് കൊടിയേറ്റി
കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്ക് പെരുന്നാളിന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് കൊടി ഉയര്‍ത്തി. കോതമംഗലം ചെറിയ പള്ളിയില്‍ കബറടങ്ങിയിട്ടുള്ള യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓര്‍മ്മയായാണ് പെരുന്നാള്‍ ആഘോഷം. ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, ഫാ. സെബു പോള്‍, എല്‍ദോസ് കുറ്റിച്ചിറക്കുടിയില്‍, ഫാ. വര്‍ക്കി തുര്‍ക്കടയില്‍, ഫാ. ഡാര്‍ലി, ഫാ. വര്‍ഗീസ് ചെമ്പോത്തുകുടി, ട്രസ്റ്റിമാരായ ടി.വി. പൗലോസ്, എം.പി. മാത്യു, അല്‍മായ വൈസ് പ്രസിഡന്റ് പി.പി. തങ്കച്ചന്‍, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ തിലോത്തമ സുരേഷ്, രൂപാ രാജ്, സി.കെ. ശശി എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സന്ധ്യാപ്രാര്‍ത്ഥന, യൂത്ത് അസോസിയേഷന്‍ വാര്‍ഷികം എന്നിവ നടന്നു. ചൊവ്വാഴ്ച രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന, എട്ടിന് മൂന്നിന്‍മേല്‍ കുര്‍ബാന, 11ന് കത്തീഡ്രല്‍ വക വെണ്ണിക്കുളം, അമ്പലമുകള്‍, കുരീക്കാട് കുരിശുപള്ളികളില്‍ ധൂപപ്രാര്‍ത്ഥന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷമായി കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ആറിന് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന് തിരുവാങ്കുളം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. പ്രധാന പെരുന്നാള്‍ ദിവസമായ ബുധനാഴ്ച രാവിലെ 6.15ന് പ്രഭാതപ്രാര്‍ത്ഥന, ഏഴിന് കുര്‍ബാനയ്ക്ക് ബര്‍ശിമോന്‍ റമ്പാന്‍ കാര്‍മ്മികത്വം നല്‍കും. ഒന്‍പതിന് മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് കുരിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് കാര്‍മ്മികത്വം വഹിക്കും. 12ന് വഴിപാട് ലേലം, വൈകീട്ട് ആറിന് സന്ധ്യാ പ്രാര്‍ത്ഥന, ഏഴിന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം തുടര്‍ന്ന് ആശീര്‍വാദം എന്നിവ നടക്കും.