കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക് പെരുന്നാള്‍ ഇന്ന് സമാപിക്കും
കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്ക് പെരുന്നാള്‍ ചൊവ്വാഴ്ച സമാപിക്കും. വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായാണ് പ്രസിദ്ധമായ തമുക്ക് നേര്‍ച്ച.
കോതമംഗലത്ത് എത്തിച്ചേര്‍ന്ന യല്‍ദോ മാര്‍ ബസേലിയോസ് ബാവയെ കാണാന്‍ കരിങ്ങാച്ചിറ ഇടവകക്കാര്‍ വികാരിയുടെ നേതൃത്വത്തില്‍ കോതമംഗലത്ത് എത്തുകയും ബാവയ്ക്ക് ഭക്ഷിക്കാനായി അരി വറുത്തുപൊടിച്ച് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് നല്‍കി. ഇതാണ് പില്കാലത്ത് ‘തമുക്ക്’ എന്ന പേരില്‍ പ്രസിദ്ധമായത്. പിന്നീട്, ബാവയുടെ തിരുശേഷിപ്പ് കരിങ്ങാച്ചിറ പള്ളിയില്‍ സ്ഥാപിക്കുകയും കരിങ്ങാച്ചിറക്കാര്‍ ബാവയ്ക്ക് ഭക്ഷിക്കാന്‍ നല്‍കിയ തമുക്ക് നേര്‍ച്ചയായി വിശ്വാസികള്‍ക്ക് നല്‍കുകയും ചെയ്തു.
ഈ വര്‍ഷം പള്ളിക്കാര്യത്തില്‍ നിന്നുള്ള തമുക്ക് തയ്യാറാക്കുന്നതിന് 15 ടണ്‍ വാഴപ്പഴമാണ് എത്തിച്ചിട്ടുള്ളത്. വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിലാണ് തമുക്ക് നേര്‍ച്ച തയ്യാറാക്കുന്നത്.
പെരുന്നാള്‍ ദിവസങ്ങളില്‍ വിശുദ്ധന് തമുക്ക് നേര്‍ച്ച സമര്‍പ്പിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാനാ ജാതി മതസ്ഥരായ ആളുകള്‍ കരിങ്ങാച്ചിറയില്‍ എത്തിച്ചേരും. തിങ്കളാഴ്ച നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഐസക് മാര്‍ ഒസ്താത്തിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണി തുരുത്തിയില്‍, ഫാ. സ്ലീബ ജോര്‍ജ് പനയ്ക്കല്‍, ഫാ. റോയി പോള്‍ വെട്ടിക്കാട്ടില്‍, ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, ഫാ. കുര്യാക്കോസ് ചീരത്തോട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി.
വൈകീട്ട് 4ന് മേമ്പൂട്ടില്‍ നിന്ന് ആഘോഷപൂര്‍വം പള്ളി ഉപകരണങ്ങള്‍ കത്തീഡ്രലിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും തിരുവാങ്കുളം കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണവും നടന്നു. റോഡിനിരുവശവും നാനാ ജാതി മതസ്ഥര്‍ മെഴുകുതിരിയും നിലവിളക്കുകളും കത്തിച്ച് പ്രദക്ഷിണത്തെ വരവേറ്റു.
പ്രധാന പെരുന്നാള്‍ ദിവസമായ ചൊവ്വാഴ്ച രാവിലെ 6.15ന് പ്രഭാത പ്രാര്‍ത്ഥന. 7ന് നടക്കുന്ന കുര്‍ബാനയ്ക്ക് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് കാര്‍മികത്വം വഹിക്കും. 9ന് ആരംഭിക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക് ഏലിയാസ് മാര്‍ യൂലിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. 12ന് വഴിപാട് സാധന ലേലവും ആറിന് സന്ധ്യാ പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും ആശീര്‍വാദവും നടക്കും.
കരിങ്ങാച്ചിറയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു. തിരുവാങ്കുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് യൂണിയന്‍ ബാങ്കിന് മുന്നിലും ഇരുമ്പനം ഭാഗത്തേക്കുള്ള സ്റ്റോപ്പ് പെട്രോള്‍ പമ്പിന് മുമ്പിലും തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള സ്റ്റോപ്പ് പടിഞ്ഞാറെ കുരിശിന് സമീപവും മാറ്റി ക്രമീകരിച്ചിട്ടുണ്ട്