കടയ്ക്കനാട് സെന്റ് ജോര്‍ജ് അരമന കത്തീഡ്രല്‍ കൂദാശയ്ക്ക് ഒരുങ്ങി
കോലഞ്ചേരി: കണ്ടനാട് യാക്കോബായ സഭയുടെ ഭദ്രാസനത്തിന്റെ കടക്കനാട് അരമനയില്‍ പുനിര്‍നിര്‍മിച്ച സെന്റ് ജോര്‍ജ് അരമന കത്തീഡ്രല്‍ കൂദാശ മെയ് 1, 2, തീയതികളില്‍ നടക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശ്രേഷ്ഠകാതോലിക്ക ബേസലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപ്പോലീത്തമാരും കൂദാശകള്‍ക്ക് കാര്‍മികത്വം വഹിക്കും.ദേവാലയത്തില്‍ 5 ത്രോണോസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരേസമയം 1500 പേര്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാനാകും.5000 ചതുരശ്ര അടി വിസ്താരമുള്ള ദേവാലയത്തിന് മൂന്ന് കോടി രൂപയാണ് നിര്‍മാണച്ചെലവ്. ബെല്‍ജിയം ക്രിസ്റ്റലുകളില്‍ ഷാന്‍ലിയേഴ്‌സ് എന്ന കൊത്തുപണികളോടുകൂടിയ മദ്ബഹ ദേവാലയത്തിന്റെ പ്രത്യേകതയാണ്. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പെരുവംമുഴി കവലയില്‍ ശ്രേഷ്ഠബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം നല്‍കും. 5 മണിക്ക് സന്ധ്യാപ്രാര്‍ഥന, ദേവാലയ കൂദാശ, നേര്‍ച്ചസദ്യ, വെള്ളിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാര്‍ഥന, 8.30 ന് വി. അഞ്ചിന്മേല്‍ കുര്‍ബാന, 10.30 ന് പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ തോമസ് പനിച്ചില്‍ കോര്‍ എപ്പിസ്‌കോപ്പ, പോള്‍ കോര്‍ എപ്പിസ്‌കോപ്പ, പോള്‍ വി. തോമസ്, ഫാ. എല്‍ദോ കക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.