ഇരുസഭയായി അംഗീകരിച്ചുള്ള ചര്‍ച്ചയ്ക്ക് തയാര്‍: യാക്കോബായ സഭ
കൊച്ചി: ഇരുസഭകളാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടും കോടതിയുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും അംഗീകരിച്ചുമുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യാക്കോബായ സഭ സന്നദ്ധമാണെന്ന് സഭാ വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സംയുക്തയോഗം വ്യക്തമാക്കി.
ഇടവക പള്ളികളുടെ സ്ഥാപനോദ്ദേശ്യവും സഭയുടെ വിശ്വാസ പാരമ്പര്യവും നിലനിര്‍ത്തുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഇടവക പള്ളികള്‍ ഇടവക വിശ്വാസികളുടെതാണ് എന്ന സത്യവും നിയമവും അംഗീകരിക്കുകയും ജനഹിതം മാനിക്കപ്പെടുകയും ചെയ്താല്‍ സഭാതര്‍ക്കങ്ങള്‍ക്ക് നീതിപൂര്‍വ്വമായ പരിഹാരം ഉണ്ടാകുമെന്നു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു.
സഭാതര്‍ക്കങ്ങള്‍ കോടതിക്ക് വെളിയില്‍ പരിഹാരം കണ്ടെത്തണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെ സഭ ആദരവോടെ സ്വീകരിച്ചിട്ടുള്ളതായും എന്നാല്‍ തര്‍ക്കങ്ങളും വ്യവഹാരങ്ങളും മനപ്പൂര്‍വ്വം സൃഷ്ടിച്ച് മെത്രാന്‍ കക്ഷിക്കാര്‍ ഇടവകകളില്‍ അസമാധാനം സൃഷ്ടിക്കുകയാണ് എന്നും യോഗം വിലയിരുത്തി.
75 വയസ്സ് പൂര്‍ത്തിയായ പി.പി.തങ്കച്ചനെ ശ്രേഷ്ഠ ബാവയും ജോസഫ് മോര്‍ ഗ്രിഗോറിയോസും ചേര്‍ന്ന് പൊന്നാട അണിയിച്ചു. അദ്ദേഹത്തിന്റെ സംശുദ്ധമായ പൊതു പ്രവര്‍ത്തനവും എല്ലാത്തിലും ഉപരിയായ സഭാസ്‌നേഹവും മാതൃകാപരമാണ് എന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന വറുഗീസ് തെക്കേക്കര കോറെപ്പിസ്‌കോപ്പായെ യോഗം അനുമോദിച്ചു. ഡിസംബര്‍ 26 ന് ആരംഭിക്കുന്ന പുത്തന്‍കുരിശ് സുവിശേഷ മഹായോഗത്തിന്റെ ഒരുക്കം യോഗം വിലയിരുത്തി. സഭയുടെ സമ്പൂര്‍ണ്ണ ബഡ്ജറ്റ് ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ അവതരിപ്പിക്കുമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.