അഭി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ 20-ാം മെത്രാഭിഷേക വാര്‍ഷികം ആഘോചിച്ചു
തൃപ്പൂണിത്തുറ: ക്രൈസ്തവ വിശ്വാസം സമൂഹനന്മയുടെ ഉറവിടമാണെന്നും സമൂഹത്തിന്റെ ഒട്ടാകെയുള്ള ഐക്യത്തിന്റെ മേഖലകള്‍ തേടുക എന്നതാണ് സഭ എന്നും ചെയ്തുപോരുന്നതെന്നും കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.
യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ 20-ാം മെത്രാഭിഷേക വാര്‍ഷികവും കൊച്ചി ഭദ്രാസന ദിനാഘോഷവും കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ത്താവിനെ വിളിച്ച് പ്രാര്‍ഥിക്കുമ്പോള്‍ മനസ്സിലൂടെ ഒഴുകിവരുന്നത് നന്മയുടെ, സ്‌നേഹത്തിന്റെ വികാരമാണ്. അവിടെ മാനുഷികമൂല്യങ്ങള്‍ മാത്രമേയുള്ളൂ. അതാണ് ക്രൈസ്തവ സഭയെ മുന്നോട്ട് നയിക്കുന്നത്; എല്ലാവരേയും ഒരുപോലെ കാണുന്നു എന്നതാണ്. നമ്മള്‍ ഓരോരുത്തരും സമൂഹത്തിന്റെ കണ്ണിയാണ്. ഈശ്വരവിശ്വാസം നമ്മെ നയിക്കുമ്പോള്‍, വെളിച്ചമായി മാറുമ്പോള്‍ മറ്റൊന്നിനും സ്ഥാനമില്ല. സ്‌നേഹത്തിലധിഷ്ഠിതമാണ് നമ്മുടെ സമൂഹം – വയലാര്‍ രവി പറഞ്ഞു.
സഭയ്ക്കു വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന ജോസഫ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയെ ഏറ്റവും വലുതായി ആദരിക്കാന്‍ ഇടവരട്ടെയെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആശംസിച്ചു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ഇരുപതാം മെത്രാഭിഷേക വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍ദ്ധനരും വിവിധ മതസ്ഥരുമായ ഇരുപത് യുവതികളുടെ വിവാഹവും നടന്നു.
അഞ്ച് പവന്‍ ആഭരണങ്ങളടക്കം ഓരോ ദമ്പതിമാര്‍ക്കും രണ്ട് ലക്ഷം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും സമ്മാനിച്ചു. ഇരുപത് നിര്‍ദ്ധന നഴ്‌സിങ് കുട്ടികള്‍ക്ക് 20,000 രൂപ വീതം സ്‌കോളര്‍ഷിപ്പ്, നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസിനുള്ള കൂപ്പണ്‍ വിതരണം, വൃദ്ധസദനം, ഭവനനിര്‍മാണ പദ്ധതി തുടങ്ങി വിവിധ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും നടന്നു.
വൃദ്ധസദനത്തിന്റെയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെയും പ്രഖ്യാപനം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. എകൈ്‌സസ് – തുറമുഖ മന്ത്രി കെ. ബാബു പ്രസംഗിച്ചു. മാര്‍ ഒസ്താത്തിയോസ് ശ്രേഷ്ഠ സേവാ പുരസ്‌കാരം തണല്‍ സംഘടനയ്ക്ക് ജോസ് കെ. മാണി എം.പി.യും നഴ്‌സിങ് കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ടി.യു. കുരുവിള എം.എല്‍.എ.യും നല്‍കി. സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ നിര്‍വഹിച്ചു. ഭവനപദ്ധതിയുടെ ഉദ്ഘാടനം ക്‌നാനായ ഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് ദൈവത്തിന്റെ കൃപ ഒന്നു മാത്രമാണെന്നും തനിക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം ഈ സഭയ്ക്കും പൊതുസമൂഹത്തിനും ഉള്ളതാണെന്ന് മറുപടി പ്രസംഗത്തില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പാത്രിയാര്‍ക്ക ബാവയുടെ പ്രതിനിധിയായി എത്തിയ കുര്യാക്കോസ് മറ്റ അല്‍ഖുരി മെത്രാപ്പോലീത്ത പാത്രിയാര്‍ക്ക ബാവയുടെ ഉപഹാരം ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് നല്‍കി. പാത്രിയാര്‍ക്ക ബാവയുടെ കല്പനയും വായിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബാവയും ഉപഹാരം നല്‍കി. മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ അപ്രേം, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ സേവോദേവോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, തോമസ് മാര്‍ അലക്‌സാന്ത്രിയോസ്, ഏലിയാര്‍ മോര്‍ യൂലിയോസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണാബസ്, മാത്യൂസ് മാര്‍ അന്തിമോസ്, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എം.എല്‍.എ.മാരായ വി.പി. സജീന്ദ്രന്‍, സാജുപോള്‍, ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, കെ.പി.സി.സി. സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്, കൗണ്‍സിലര്‍ ടി.കെ. സുരേഷ്, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേതലയ്ക്കല്‍, യൂത്ത് അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ തുടങ്ങിയവര്‍ പങ്കെടുത്തു. ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ സ്വാഗതവും വര്‍ഗീസ് പുലയത്ത് നന്ദിയും പറഞ്ഞു. വൈദികരടക്കം വന്‍ ജനാവലിയും പങ്കെടുത്തു