അടിമാലി സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തി
ഇടുക്കി/അടിമാലി: ആയിരങ്ങളെ സാക്ഷിനിര്‍ത്തി അടിമാലി സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയെ ഇടുക്കി ജില്ലയിലെ ആദ്യ കത്തീഡ്രല്‍ ദേവാലയമായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടന്നു. ബുധനാഴ്ച രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ നടന്ന പ്രത്യേകചടങ്ങില്‍ യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രിഗോറിയോസ് നിര്‍വഹിച്ചു. തുടര്‍ന്ന് പള്ളി പാരീഷ്ഹാളില്‍ നടന്ന പൊതുസമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനംചെയ്തു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഡെമോക്ലസ്സിന്റെ വാളുപോലെയാണെന്നും കര്‍ഷകരെ കൈയേറ്റക്കാരായി മുനദ്രകുത്തുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. അഫ്രേം തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഏലിയാസ് മോര്‍ യൂലിയോസ്, ഐസക്ക് എബ്രാഹം മേനേത്തുമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. സോണി ഐസക് പള്ളത്തുകുടി, പഞ്ചായത്ത് പ്രസിഡന്റ് പി.വി.സ്‌കറിയ, ഷെവ. കെ.കെ.ദാനി, എ.പി.അവിരാച്ചന്‍, കെ.സി.ജോര്‍ജ്, ബോബന്‍ ജോണ്‍, കെ.എ.കുര്യക്കോസ് എന്നിവര്‍ പ്രസംഗിച്ചു. തിരുനാളിന്റെ ഭാഗമായി വ്യഴാഴ്ച രാവിലെ 8.30ന് ഐസക് മോര്‍ ഒസ്താനിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. 12ന് സെന്റ് പോള്‍സ് കുരിശുപള്ളി, അടിമാലി ടൗണ്‍ പള്ളി കപ്പേള എന്നിവിടങ്ങളിലേക്ക് പ്രദക്ഷിണം നടക്കും.