മണര്‍കാട് പള്ളി എട്ടുനോമ്പ് പെരുന്നാളിന് ഇന്നു തുടക്കം
കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് ആചരണത്തിന് തുടക്കം കുറിച്ച് ഇന്നു കൊടിമരമുയര്‍ത്തും. പള്ളിയുടെ കിഴക്കേമുറ്റത്തു സ്‌ഥാപിച്ച സ്വര്‍ണക്കൊടിമരത്തിന്റെ കൂദാശ ഇന്നലെ രാവിലെ 11നു കുര്‍ബാനയ്‌ക്കുശേഷം നടന്നു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനു കൊടിമര ഘോഷയാത്ര പള്ളിയില്‍നിന്നു പുറപ്പെടും. വൈകിട്ട് നാലിനു കൊടിമരം ഉയര്‍ത്തും. എല്ലാ ദിവസവും രാവിലെ 6.45ന് കരോട്ടെ പള്ളിയില്‍ കുര്‍ബാന.
എട്ടിന് പ്രഭാത പ്രാര്‍ഥന. ഒന്നുമുതല്‍ ആറുവരെ ദിവസങ്ങളില്‍ 12.30നും ഏഴ്, എട്ട് ദിവസങ്ങളില്‍ 11.30നും മധ്യാഹ്‌ന പ്രാര്‍ഥന. ഒന്നുമുതല്‍ നാലുവരെ വൈകിട്ട് 3.30നു ധ്യാനം. ആറിനു രാവിലെ ഒന്‍പതിന് ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാസ് മാര്‍ പീലക്‌സിനോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. മറ്റുദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് വിവിധ ഭദ്രാസനങ്ങളിലെ മെത്രാപ്പൊലീത്തമാരുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. അഞ്ചിന് ഉച്ചയ്‌ക്ക് രണ്ടിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും.
ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. സേവികസംഘം നിര്‍മിച്ചു നല്‍കുന്ന 15 വീടുകളുടെ താക്കോല്‍ദാനം ആര്‍ച്ച് ബിഷപ് ഡോ. എം. സൂസൈപാക്യം നിര്‍വഹിക്കും. സമൂഹ വിവാഹ ധനസഹായ വിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍നിര്‍വഹിക്കും.
മധ്യാഹ്‌ന പ്രാര്‍ഥനയ്‌ക്കു ശേഷം ഏഴിന് രാവിലെ 11.30ന് നടതുറക്കും. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൊതുദര്‍ശനത്തിനായി തുറക്കുന്ന ചടങ്ങാണിത്.
തുടര്‍ന്ന് പന്തിരുനാഴി ഘോഷയാത്ര. രാത്രി 10നു പ്രദക്ഷിണം, തുടര്‍ന്നു കരിമരുന്നു കലാപ്രകടനം, മാര്‍ഗംകളി, പരിചമുട്ടുകളി, കറിനേര്‍ച്ച വിതരണം.
എട്ടിന് രാവിലെ ഒന്‍പതിന് കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ ഇവാനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. രണ്ടിനു പ്രദക്ഷിണം, ആശീര്‍വാദം. മൂന്നിന് നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും