പാത്രിയർക്കീസ് ബാവ അഭിഷിക്തനായി
ദമാസ്കസ്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ പാത്രിയർക്കീസ് ബാവയുടെ സ്ഥാനാരോഹണം ദമാസ്കസിൽ നടന്നു. മാറാത്ത് സെയ് ദാനത്തിലുള്ള സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് കത്തീഡ്രലിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ സ്ഥാനാരോഹണം. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാർ സഹ കാർമികർ ആയിരുന്നു.
അന്ത്യോഖ്യാ സിംഹാസനത്തിൽ പരി. പത്രോസിന്റെ പിൻഗാമിയായിട്ടാണ് പാത്രിയർക്കീസ് ബാവ അഭിഷിക്തനായത്. കാലം ചെയ്ത ഏലിയാസ് തൃതീയൻ ബാവയുടെ അംശവടിയും പരിശുദ്ധ അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ ശീലമുടിയും യാക്കോബ് തൃതീയൻ ബാവയുടെ സ്ഥാനിക വടിയും സഖാപ്രഥമൻ ബാവയുടെ കുരിശും മറ്റ് മുദ്രകളുമാണ് സ്ഥാനാരോഹണ വേളയിൽ പുതിയ പാത്രിയർക്കീസ് ബാവ ഉപയോഗിച്ചത്.
പരി. സഖാപ്രഥമൻ ബാവ കാലം ചെയ്തതിനെ തുടർന്ന് മാർച്ച് 30 ന് നടന്ന ആകമാന സുന്നഹദോസാണ് പുതിയ പാത്രിയർക്കീസിനെ തിരഞ്ഞെടുത്തത്. സിറിയയിലെ കാമേഷ് ലിയിൽ 1965 മെയ് 3നാണ് പുതിയ ബാവ ജനിച്ചത്. 1996 ജനവരി 26നാണ് മാർ കൂറിലോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിൽ കാനോനികമായി വാഴിക്കപ്പെടുന്ന 123ാം പാത്രിയർക്കീസാണ് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ. 1933 മുതൽ 57 വരെ സഭയെ നയിച്ച ഇഗ്നാത്തിയോസ് അപ്രേം പ്രഥമൻ ബാവയുടെ നാമ തുടർച്ചയാണ് പുതിയ ബാവ സ്വീകരിച്ചിരിക്കുന്നത്.