പാത്രിയര്‍ക്കീസ് ബാവ ഫിബ്രവരി ഏഴിനെത്തും; വിപുലമായ സ്വീകരണത്തിന് ഒരുക്കങ്ങള്‍
പുത്തന്‍കുരിശ്: ആകമാന സുറിയാനി സഭയുടെ പരമമേലദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഫിബ്രവരി ഏഴിന് കേരളത്തില്‍ ശ്ലൈഹീക സന്ദര്‍ശനത്തിനായി എത്തിച്ചേരും. ഏഴ് മുതല്‍ 16 വരെ പാത്രിയര്‍ക്കീസ് ബാവ കേരളത്തിലുണ്ടാകും. പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം സംബന്ധിച്ച ക്രമീകരണങ്ങള്‍ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ഉള്‍പ്പെടെ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ മാനേജിങ് കമ്മിറ്റി യോഗം വിലയിരുത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അദ്ധ്യക്ഷനായും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര് ഗ്രിഗോറിയോസ് ജന. കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്കി. ഫിബ്രവരി എട്ടിന് വൈകീട്ട് നാലിന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കും. കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഇതര സഭാ പിതാക്കന്മാര്, സാമുദായിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനം ചരിത്രസംഭവമാക്കുമെന്ന് ശ്രേഷ്ഠ കത്തോലിക്ക ബാവ അറിയിച്ചു.
പരിശുദ്ധ പൗലോസ് മോര് അത്തനാസിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനവരി 25, 26 തീയതികളില്‍ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. സഭാ മെത്രാപ്പോലീത്തമാര്‍, സഭാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.