പാത്രിയര്‍ക്കാ സ്ഥാനാരോഹണം നാളെ
പുത്തന്‍കുരിശ്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവയുടെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 10ന് ദമാസ്കസിലെ മറാത്ത് സെയ്ദിനായിലെ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടക്കും. ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ലോകമെമ്പാടുമുള്ള സുറിയാനി സഭയിലെ മെത്രപ്പോലീത്തമാരും വിവിധ മതമേലധ്യക്ഷന്മാരും രാഷ്ട്രത്തലവന്മാരും ചടങ്ങിന് സാക്ഷികളാകും. ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ കര്‍ശന സുരക്ഷയിലായിരിക്കും ചടങ്ങുകള്‍ നടക്കുക.
ജൂണ്‍ ഒന്നിന് പുതിയ പാത്രിയര്‍ക്കീസ് ബാവ ലെബനോനിലെ ബെയ്റൂട്ടിലുള്ള അഷ്റാഫായിലെ സെന്റ് അപ്രേം ദൈവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ചേരുന്ന അനുമോദന സമ്മേളനത്തില്‍ ലോക ക്രൈസ്തവ സഭാ പിതാക്കന്മാരും വിവിധ സഭകളില്‍നിന്നുള്ള പ്രതിനിധികളും രാഷ്ട്രത്തലവന്മാരും പാത്രിയര്‍ക്കീസ് ബാവയ്ക്ക് ആശംസകള്‍ അര്‍പ്പിക്കും. ദമാസ്കസില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാരും സഭാേനതൃത്വവും ചേര്‍ന്ന് വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മെത്രാപ്പോലീത്തമാരും വിശ്വാസ സമൂഹവും ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ലെബനോനില്‍ എത്തി. പാത്രിയര്‍ക്കാ വാഴ്ച ചടങ്ങുകള്‍ www.malankarsayriacvoice.com, www.zakkavision.com എന്നീ വെബ്സൈറ്റുകളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.