പരി.പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ മലങ്കരയില്‍ പരി.സഭ ഒറ്റക്കെട്ട്- ശ്രേഷ്ഠ കാതോലിക്ക ബാവ
പരി.സഭയുടെ പരമാദ്ധ്യക്ഷനായ പരി.പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ മലങ്കരയില്‍ യാക്കോബായ സുറിയാനി സഭ ഒറ്റക്കെട്ടാണെന്നും പരി.പിതാവിന്റെ കല്‍പനയും തീരുമാനങ്ങളും സഭയെ സംബന്ധിച്ചിടത്തോളം അന്തിമമായിരിക്കുമെന്നും ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
പരി.പാത്രിയര്‍ക്കീസ് ബാവായെ ധിക്കരിച്ച് യാക്കോബായ സഭ മുന്നോട്ട് പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രേഷ്ഠ ബാവ ഊന്നി പറഞ്ഞു. മെത്രാപ്പോലീത്തമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ചില പരാതികള്‍ ഉണ്ടായിരുന്നുവെങ്കിലും പരി.പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പനയോട് കൂടി അക്കാര്യങ്ങള്‍ക്കും തീരുമാനമായി. പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് കൂടുകയും പരി.സിംഹാസനത്തില്‍ നിന്നുള്ള കല്‍പനകള്‍ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന പാരമ്പര്യമാണ് ഈ സഭയ്ക്കുള്ളതെന്നും ശ്രേഷ്ഠ ബാവ അടിവരയിട്ട് പറയുകയും, പരി.പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ ശ്രേഷ്ഠ കാതോലിക്ക ബാവായുടെ നേതൃത്വത്തില്‍ യാക്കോബായ സഭ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സുന്നഹദോസ് ഐക്യകണ്‌ഠേന പ്രഖ്യാപിക്കുകയും ചെയ്തു.
ഓര്‍ത്തഡോക്‌സ് സഭയുമായി അനുരജ്ഞന ചര്‍ച്ചകള്‍ നടത്തുന്നതിനെ സംബന്ധിച്ച് പരി.പാത്രിയര്‍ക്കീസ് ബാവ അയച്ച കല്പന സുന്നഹദോസിനു ലഭിക്കുകയുണ്ടായി. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് അനൗദ്യോഗികമായി അനുരജ്ഞന ശ്രമങ്ങള്‍ക്ക് ചില സൂചനകള്‍ പരി.പാത്രിയര്‍ക്കീസ് ബാവായ്ക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് പരി.പിതാവ് കല്പന അയച്ചത്. സഭയില്‍ സമാധാനം ഉണ്ടാവുക എന്നത് തന്റെ മുന്‍ഗാമിയെപോലെ തന്റെയും ആഗ്രഹമാണെന്നും എന്നാല്‍ മലങ്കരയിലെ ശ്രേഷ്ഠ കാതോലിക്ക ബാവായും എപ്പിസ്‌കോപ്പല്‍ സുന്നഹദോസും ആലോചിച്ച് ആവശ്യമെങ്കില്‍ ഇക്കാര്യങ്ങള്‍ക്ക് വേണ്ടി ഒരു സമിതിയെ നിയോഗിക്കാനുമാണ് പരി.പിതാവ് ആവശ്യപ്പെട്ടത്. കാലം ചെയ്ത പരി.ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ സമയത്ത് ഇക്കാര്യങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളതായ ഒരു സമിതി നിലവിലുള്ളതുകൊണ്ട് ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ഉണ്ടാകുന്ന മുറയ്ക്ക് അനുരജ്ഞനത്തിനും സഭാസമാധാനത്തിനും പരി.പാത്രിയര്‍ക്കീസ് ബാവായുടെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ ക്രമീകരിക്കാമെന്നും സുന്നഹദോസ് തീരുമാനിച്ചു. സഭ യോജിപ്പ് എന്ന് പറയുന്നത് പരി.പാത്രിയര്‍ക്കീസ് ബാവായുടെ കല്പനയില്‍ പരാമാര്‍ശിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ സുന്നഹദോസിനു ശേഷം ശ്രേഷ്ഠ ബാവായും, പരി.എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും പത്രസമ്മേളനത്തില്‍ പത്ര-ദൃശ്യമാധ്യമങ്ങളോട് വളരെ വ്യക്തമായി വിശദീകരിച്ചിട്ടും പരി.പാത്രിയര്‍ക്കീസ് ബാവായുടെ നിര്‍ദ്ദേശം യാക്കോബായ സഭ തള്ളി എന്ന വാര്‍ത്തയും, പ്രചരണങ്ങളും അടിസ്ഥാനരഹിതവും സഭാവിശ്വാസികളില്‍ ആശയക്കുഴപ്പവും വേദനയും ഉണ്ടാക്കിയതായി മീഡിയ സെല്‍ ചെയര്‍മാന്‍ അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.