കരാര്‍ അട്ടിമറിച്ചത് ഒരു മന്ത്രിയെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ
മഞ്ഞനിക്കര: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിനു കോടതിക്കു പുറത്തുണ്ടാക്കിയ കരാര്‍ അട്ടിമറിക്കാന്‍ ഒരു മന്ത്രി ശ്രമിച്ചെന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ.
പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കാമെന്നും പകരം യാക്കോബായ പക്ഷത്തിനു പള്ളി പണിയാന്‍ അഞ്ചു കോടി രൂപയും സ്ഥലവും തരുമെന്നുമായിരുന്നു കരാര്‍. മറ്റുള്ളവരുടെ എതിര്‍പ്പുണ്ടായിട്ടും താന്‍ അതില്‍ ഒപ്പുവയ്ക്കാന്‍ സന്നദ്ധനായതു പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മധ്യസ്ഥനായി വന്ന ഒരു മന്ത്രി തന്നെ അടുത്തൊരു വീട്ടില്‍ കൊണ്ടുപോയി കരാര്‍ മാറ്റിയെഴുതിക്കാന്‍ ശ്രമിച്ചു. തനിക്കു പണവും വാഗ്ദാനം ചെയ്തു. മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രേഷ്ഠബാവ പറഞ്ഞു.
“സര്‍ക്കാര്‍ കാണിക്കുന്നതു വലിയ വഞ്ചനയാണ്. ഞങ്ങളോടു കാട്ടുന്ന അവഗണനയേക്കാള്‍ വേദനിപ്പിക്കുന്നത് എതിര്‍പക്ഷത്തെ ഓമനിക്കുന്നതാണ്. പാത്രിയര്‍ക്കീസ് പക്ഷം ന്യൂനപക്ഷമാണെന്നു പറഞ്ഞു പീഡിപ്പിക്കുന്ന നീചമായ പെരുമാറ്റമാണ് ഉണ്ടാകുന്നത്. കോടതിവിധി മറച്ചുവച്ചാണ് ഓര്‍ത്തഡോക്സ് പക്ഷം പ്രചാരണം നടത്തുന്നത്.”-അദ്ദേഹം പറഞ്ഞു.