ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഒരുക്കമായി
കിഴക്കമ്പലം: നൂറുവര്‍ഷം പൂര്‍ത്തീകരിച്ച സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളി വക സെന്റ് മേരീസ് സണ്‍ഡേ സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. ഞായറാഴ്ച രാവിലെ 10.30ന് പള്ളിയില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. വിളംബരജാഥ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ ഇടവകയിലെ 12 കുടുംബ യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നടത്തും. കിഴക്കമ്പലം അങ്ങാടിയില്‍ പള്ളിക്കര കത്തീഡ്രലിനു കീഴിലുള്ള സെന്റ് പോള്‍സ് കുടുംബ യൂണിറ്റും ചൂരക്കോടില് സെന്റ് ജോര്‍ജ് പള്ളിയും സ്വീകരിക്കും.27ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടക്കും. ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, ഡോ. മാത്യൂസ് മാര്‍ അഫ്രേം, കെ.പി. ധനപാലന് എംപി, വി.പി. സജീന്ദ്രന് എംഎല്‍എ എന്നിവര്‍ പങ്കെടുക്കുമെന്ന് വികാരി ഫാ. ദാനിയേല്‍ തട്ടാറ അറിയിച്ചു.