അന്ത്യോഖ്യാ-മലങ്കര ബന്ധം ഉലയ്ക്കാനാകില്ല: പാത്രിയര്‍ക്കീസ് ബാവ –
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവും മലങ്കര യാക്കോബായ സഭയും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധത്തിന് ഉലച്ചിലുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ.
ഈ ബന്ധം സുദൃഢവും സഭയുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉതകുംവിധവും കൂടുതല്‍ കെട്ടുറപ്പുള്ളതാക്കാന്‍ ശ്രമിക്കുമെന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അറിയിക്കുന്നതായി മലങ്കര കാര്യങ്ങളുടെ പാത്രിയര്‍ക്കാ സെക്രട്ടറിയും വടക്കേ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ പാത്രിയര്‍ക്കാ പ്രതിനിധിയുമായ മാത്യൂസ് മോര് തിമോത്തിയോസ് വ്യക്തമാക്കി. ശ്രേഷ്ഠ ബാവയുമായി താന്‍ അകലുന്നു എന്ന പ്രചാരണം പാത്രിയര്‍ക്കീസ് ബാവ നിഷേധിച്ചു.
ശ്രേഷ്ഠ ബാവയേയും മലങ്കര സഭയേയും താന്‍ അകമഴിഞ്ഞു സ്നേഹിക്കുന്നു. ശ്രേഷ്ഠ ബാവയുടെ അതുല്യ നേതൃത്വം തുടര്‍ന്നും സഭയ്ക്ക് ഉണ്ടാകണമെന്നാണു ആഗ്രഹം.
ശ്രേഷ്ഠ ബാവയെ മെത്രാപ്പോലീത്ത സ്ഥാനത്തു നിന്നു നീക്കുമെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നതില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അസന്തുഷ്ടി പ്രകടിപ്പിച്ചതായി മാത്യൂസ് മോര് തിമോത്തിയോസ് അറിയിച്ചു.