അഖില മലങ്കര സുവിശേഷ മഹായോഗം പുത്തന്‍കുരിശില്‍ തുടങ്ങി
കോലഞ്ചേരി: 24-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്തു.
അസ്വസ്ഥതകളുടെ കാലമാണിതെന്നും ഈ ലോകത്ത് ജീവിതം ശക്തമാക്കുവാന്‍ ഈശ്വര വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണമെന്നും സുവിശേഷ മഹായോഗത്തിന്റെ ആമുഖ പ്രഭാഷണം നടത്തിയ എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാപ്പോലീത്ത ഡോ. ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു.
കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത ഉറച്ചു നില്‍പ്പിന്‍ എന്ന ചിന്താവിഷയം അവതരിപ്പിച്ചു. സന്ധ്യാപ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ബേബി ജോണ്‍ ഐക്കാട്ടുതറയില്‍ കോര്‍ എപ്പിസ്‌കോപ്പ സ്വാഗതം പറഞ്ഞു.
പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ മുഖ്യ പ്രഭാഷണവും നടത്തി. മെത്രാപ്പോലീത്തമാരായ ഏലിയാസ് മാര്‍ അത്തനാസിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, തോമസ് മാര്‍ തിമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, സഖറിയാ മാര്‍ പോളികാര്‍പ്പോസ്, മാത്യൂസ് മാര്‍ അന്തീമോസ്, സഖറിയാ മാര്‍ പീലക്‌സിനോസ്, എംഎല്‍എമാരായ വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മുന്‍ എംഎല്‍എ എം.എം. മോനായി എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ധ്യാനയോഗം, ഉച്ചക്ക് 2ന് അഖില മലങ്കര വൈദിക യോഗം, 5.30ന് സന്ധ്യാപ്രാര്‍ത്ഥനക്കുശേഷം മാര്‍ത്തോമ സഭയിലെ പി.കെ. സഖറിയ കല്ലിശ്ശേരി മുഖ്യപ്രഭാഷണം നടത്തും.