സുറിയാനി സഭയുടെ സാര്‍വത്രികത നിലനിര്‍ത്തുക ലക്ഷ്യം: പാത്രിയര്‍ക്കീസ് ബാവ
ദമാസ്‌കസ്: ആഗോളസുറിയാനി സഭയുടെ സാര്‍വത്രികത നിലനിര്‍ത്തുകയും വിപുലമാക്കുകയുമാണു പ്രധാനലക്ഷ്യമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ. പാത്രിയര്‍ക്കാ വാഴ്‌ചയുടെ ശുശ്രൂഷാക്രമമായ മോര്‍ ക്ലീമിസിന്റെ തക്‌സയെ 26 ഭാഗമായി തിരിച്ച് 13 ഭാഷകളില്‍ വായിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാത്രിയര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഗോള എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. മലങ്കരസഭയും സുറിയാനിസഭയും തമ്മിലുള്ള ബന്ധം വിപുലമാക്കുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിക്കും. നാലു വര്‍ഷത്തിലൊരിക്കല്‍ ആഗോള സുന്നഹദോസ് വിളിച്ചു ചേര്‍ക്കും. 2016 ല്‍ മലങ്കരയില്‍ ആഗോള സുന്നഹദോസ് വിളിക്കുന്നതു സംബന്ധിച്ച നടപടികള്‍ക്കായി പാത്രിയര്‍ക്കീസ് ബാവ അധ്യക്ഷനായി ആറംഗ കമ്മറ്റി രൂപീകരിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ബാവ, ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മോര്‍ തെയോഫിലോസ് ജോര്‍ജ് സലീബ, മാത്യൂസ് മോര്‍ അപ്രേം, മോര്‍ തീമോഥിയോസ് മത്ത അല്‍ ഘോറി എന്നിവരാണ് അംഗങ്ങള്‍.
തുര്‍ക്കിയില്‍ ഒരു ലക്ഷത്തില്‍പരം സിറിയന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്‌തവര്‍ 1915 ല്‍ കൊല ചെയ്യപ്പെട്ടതിന്റെ നൂറാം വാര്‍ഷികമാണ് അടുത്തവര്‍ഷം. ഇതിന്റെ ഭാഗമായി യൂറോപ്പ്, അമേരിക്ക, മധ്യേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും മലങ്കരയില്‍നിന്നും സിറിയയില്‍നിന്നുമുള്ള മെത്രാന്മാരും പങ്കെടുത്തു.