പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണം നാളെ
സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നാളെ സ്ഥാനാരോഹണം ചെയ്യും. ഡമാസ്‌കസില്‍ മറാത്ത് സെയ്‌ദിനായിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ രാവിലെ 10ന് ശുശ്രൂഷകള്‍ ആരംഭിക്കും. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ബാഗ്‌ദാദ്-ബസറ മെത്രാപ്പോലീത്ത മാര്‍ സെവേറിയോസ് ജാമില്‍ ഹവ്വാത്തെയും ചടങ്ങില്‍ കാര്‍മികത്വംവഹിക്കും. ലോകമെമ്പാടുമുള്ള സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും വിവിധ മത മേലധ്യക്ഷന്മാരും രാഷ്ട്രത്തലവന്മാരും ചടങ്ങില്‍ പങ്കെടുക്കും. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു സിറിയന്‍ ഗവണ്‍മെന്റ് കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലബനന്‍-സിറിയ അതിര്‍ത്തിയില്‍നിന്നു സിറിയന്‍ സൈന്യത്തിന്റെ സുരക്ഷാവലയത്തില്‍ മറാത്ത് സെയ്‌ദനയിലെ മാര്‍ അഫ്രേം ദയറയിലേക്ക് കാര്‍മികരെയും വിശ്വാസികളുടെ പ്രതിനിധികളെയും വിശിഷ്ടാതിഥികളെയും എത്തിക്കാനാണ് തീരുമാനം. ജൂണ്‍ ഒന്നിനു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ലെബനനില്‍ ബെയ്‌റൂട്ടിലുള്ള അഷ്‌ഠാഫയിലെ സെന്റ് അപ്രേം ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് അനുമോദന സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍നിന്നുള്ള മെത്രാപ്പോലീത്തമാരും വിശ്വാസികളും ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ലബനനില്‍ എത്തിയിട്ടുണ്ട്. www.malankaravision.com, www.malankara.tv, www.malankarasyriacvoice.com എന്നീ വെബ് സൈറ്റുകളില്‍ സ്ഥാനാരോഹണ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. 1965 മേയ് മൂന്നിനു ജനിച്ച നിയുക്ത പാത്രിയര്‍ക്കീസ് ബാവയെ കാലം ചെയ്‌ത പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കാമേഷ്‌ലിയിലെ വിശുദ്ധ ദൈവമാതാവിന്റെ പള്ളിയില്‍ വച്ച് 1996 ജനുവരി 26നാണ് മാര്‍ കൂറിലോസ് അഫ്രേം കരീം എന്ന പേരില്‍ വടക്കേ അമേരിക്കയിലെ കിഴക്കന്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി വാഴിച്ചത്. ഈജിപ്‌തിലെ കയ്‌റോ കോപ്‌റ്റിക് തിയോളജിക്കല്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ നിന്നു ദൈവശാസ്‌ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറിയായും ദമാസ്‌കസിലെ മാര്‍ അഫ്രേം സെമിനാരിയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. അയര്‍ലന്‍ഡിലെ സെന്റ് പാട്രിക് കോളജില്‍ നിന്നാണ് 1994ല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയത്.