പാത്രിയര്‍ക്കാ സ്ഥാനാരോഹണം: ശ്രേഷ്ഠ ബാവയും സംഘവും ഇന്നെത്തും
ബെയ്റൂട്ട് (ലെബനോന്): ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെയും കിഴക്കിന്റെയും പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് കരീം പാത്രിയര്‍ക്കീസ് ബാവയുടെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നുള്ള വിശ്വാസി സമൂഹം ഇന്നെത്തും. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു രാവിലെ രണ്ടു വിമാനങ്ങളിലായി പുറപ്പെടുന്ന നൂറംഗസംഘം വൈകിട്ടോടെ ബെയ്റൂട്ടിലെത്തു. ദുബായിയിലുള്ള ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അവിടെവച്ചു സംഘത്തോടൊപ്പം ചേരും. 29 നു രാവിലെ പത്തിനു ദമാസ്കസിലെ മറാത്ത് സെയ്ദിനയിലെ മോര് അഫ്രേം സെമിനാരിയിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ശുശ്രൂഷ. ശ്രേഷ്ഠ കാതോലിക്ക ബാവ സ്ഥാനാരോഹണശുശ്രൂഷയ്ക്കു കാര്‍മികത്വം വഹിക്കും.
ജൂണ്‍ ഒന്നിനു ബെയ്റൂട്ടിലെ അഷ്റഫയിലുള്ള സെന്റ് അഫ്രേം ദേവാലയത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അര്‍പ്പിക്കുന്ന കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന അനുമോദനസമ്മേളനത്തിലും കേരളത്തില്‍നിന്നുള്ള സംഘം സംബന്ധിക്കും. മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, മാര്‍ത്തോമ സഭയിലെ യൂയാക്കിം മോര് കൂറിലോസ് എന്നിവര്‍ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുക്കും.
–