നാളെ പ്രത്യാശയുടെ ഉയിര്‍പ്പ് പെരുന്നാള്‍

പിറവം: യേശുദേവന്റെ കുരിശുമരണത്തെ പ്രതീകവത്കരിച്ച് നടത്തിയ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വിവിധ പള്ളികളില്‍ ദുഃഖവെള്ളി ആചരിച്ചു. രാവിലെ 8ന് ആരംഭിച്ച ശുശ്രൂഷകള്‍ മണിക്കൂറുകള്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ തന്നെ എത്തിയ നൂറ് കണക്കിന് പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വൈകീട്ട് കബറടക്ക ശുശ്രൂഷ കഴിഞ്ഞ് കഞ്ഞി വഴിപാട് നടത്തി. പിറവം വലിയപള്ളിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് ഗീവര്‍ഗീസ് മാര്‍ ബര്‍ണാബസ് മെത്രാപ്പോലീത്ത കാര്‍മികത്വം നല്‍കി.വികാരി സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. ജെയിംസ് ചാലപ്പുറം, ഫാ. ലാല്‍മോന്‍ പട്ടരുമഠം, എന്നിവര്‍ സഹകാര്‍മികരായി. ഒമ്പതരമണിയോടെ പള്ളിയില്‍ വിലാപയാത്രയായി പ്രദക്ഷിണം നടത്തി. യേശുദേവനെ കാല്‍വരിക്കുന്നുകളിലേക്ക് കൊണ്ടുപോയതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു വിലാപയാത്ര. രണ്ടരയോടെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചു. വിശുദ്ധ മത്ബഹയിലായിരുന്നു കബറടക്ക ശുശ്രൂഷ. തുടര്‍ന്ന് കഞ്ഞി സദ്യ നടത്തി.ദുഃഖശനി കുര്‍ബാന രാവിലെ 10ന് നടക്കും. രാത്രി 8ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും. രാത്രി ഒരുമണിയോടെ പ്രത്യാശയുടെ പ്രതീകമായി ഉയിര്‍പ്പ് ചടങ്ങുകള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് വലിയപള്ളിയിലും പരിസരങ്ങളിലും ഉയിര്‍പ്പ് പെരുന്നാളിന്റെ പ്രത്യേക ചടങ്ങായി പൈതല്‍ നേര്‍ച്ച ആരംഭിക്കും. യേശുദേവന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അനുസ്മരിച്ച് 12 കുട്ടികള്‍ക്ക് നേര്‍ച്ച സദ്യ നല്‍കുന്നതാണ് പൈതല്‍ നേര്‍ച്ച. പുലര്‍ച്ചെ ആരംഭിക്കുന്ന നേര്‍ച്ച ഞായറാഴ്ച ഉച്ചവരെ തുടരും. നേര്‍ച്ച വിഭവങ്ങള്‍ വീടുകളില്‍ തയ്യാറാക്കി പള്ളിയില്‍ കൊണ്ടുവന്നു. പുരോഹിതരൈക്കാണ്ട് ആശീര്‍വദിപ്പിച്ചാണ് വിളമ്പുന്നത്. പള്ളി പരിസരങ്ങളിലും എം.കെ.എം. സ്‌കൂള്‍ മൈതാനിയിലും ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Comments are closed.