നിര്‍ണായക ചുമതലകള്‍ കൈമാഖാമിനും കാതോലിക്കാ ബാവയ്ക്കും
പാത്രിയര്‍ക്കീസ് ബാവ കാലം ചെയ്തതിനെ തുടര്‍ന്ന് പുതിയ സഭാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നത് കൈമാഖാമും പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പിനും വാഴിക്കലിനും നേതൃത്വം വഹിക്കുന്നത് കാതോലിക്കാ ബാവയുമായിരിക്കും. സുറിയാനി സഭയിലെ രണ്ടാംസ്ഥാനിയായി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമനായിരിക്കും പത്രോസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള നിയോഗം.
കാലംചെയ്യുന്ന പാത്രിയര്‍ക്കീസ് ബാവയുടെ കബറടക്കത്തോടനുബന്ധിച്ചാണ് താത്കാലികമായി ഭരണനിര്‍വഹണത്തിന് മുതിര്‍ന്ന മെത്രാപ്പോലീത്തായെ മെത്രാന്മാരുടെ സമിതി തിരഞ്ഞെടുക്കുക. ഈ യോഗത്തില്‍ സന്നിഹിതരായിരിക്കുന്നവര്‍ക്കേ വോട്ടുള്ളൂ. കൂടുതല്‍ വോട്ടുനേടുന്ന ബിഷപ്പായിരിക്കും കൈമാഖാം. രണ്ട് പേര്‍ക്ക് തുല്യവോട്ട് ലഭിച്ചാല്‍ അവരില്‍ മുതിര്‍ന്ന മെത്രാന് ആയിരിക്കും ഈ സ്ഥാനത്ത് വരിക. തിരഞ്ഞെടുക്കപ്പെടുന്ന കൈമാഖാം ഉടന്‍ തന്നെ പാത്രിയര്‍ക്കാ ആസ്ഥാനത്തേക്ക് പുറപ്പെടും. മരണം മൂലമോ മറ്റ് കാരണങ്ങള്‍ മൂലമോ അ്േദ്ദഹത്തിന് എത്തിച്ചേരാന്‍ കഴിയാതെ വന്നാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ രണ്ടാമത്തെ മെത്രാന് ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടും. കൈമാഖാമായി ചുമതലയേല്‍ക്കുന്ന ബിഷപ്പ് അത്യാവശ്യ സന്ദര്‍ഭങ്ങള്‍ ഒഴിച്ച് പാത്രിയര്‍ക്കാ ആസ്ഥാനത്ത് തന്നെ തുടരും.
ഇദേഹത്തിന് സഭാ വക വസ്തുവകകള്‍ക്കോ, ഓഫീസുകള്‍ക്കോ ഒരുതരത്തിലുള്ള മാറ്റവും വരുത്താനോ അവ വില്‍ക്കാനോ കഴിയില്ല. പുതുതായി ബിഷപ്പുമാരെ വാഴിക്കാനോ, നീക്കം ചെയ്യാനോയുള്ള അധികാരവുമില്ല. കാലം ചെയ്ത പാത്രിയര്‍ക്കീസിന്റെ മുപ്പതാം അടിയന്തരത്തോടനുബന്ധിച്ച് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സുന്നഹദോസ് കൈമാഖാം വിളിച്ചുചേര്‍ക്കും. ന്യായമായ കാരണങ്ങളാല്‍ ഈ സുന്നഹദോസില്‍ വരാന്‍ കഴിയാത്ത അംഗങ്ങള്‍ക്ക് തങ്ങളുടെ വോട്ട് സീല്‍ ചെയ്ത കവറില്‍ താത്പര്യപ്പെടുന്ന ആളിന്റെ പേരെഴുതി സിനഡിന് കൈമാറാം.
പാത്രിയര്‍ക്കീസ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യതകളും നിര്‍ണയിച്ചിട്ടുണ്ട്. നേരുള്ളവനും ഭരണപാടവമുള്ളവനും ദൈവശാസ്ത്ര പണ്ഡിതനുമായിരിക്കണം ഈ സ്ഥാനത്തേക്ക് വരേണ്ടത്. സുറിയാനി, അറബി ഭാഷകളില്‍ പ്രാവീണ്യമുണ്ടാകണം. ഏഴ് വര്‍ഷമെങ്കിലും മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച നാല്പത് വയസ്സിനുമേല്‍ പ്രായമുള്ളവരെ മാത്രമേ ഈ സ്ഥാനത്തേക്ക് പരിഗണിക്കൂ.
പാത്രിയര്‍ക്കാ കത്തീഡ്രലിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം കാതോലിക്കാ ബാവയുടെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടത്തുക. രഹസ്യസ്വഭാവമുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഈ യോഗ്യതകളുള്ള മെത്രാപ്പോലീത്താമാരുടെ പേരുകള്‍ ബാലറ്റ് പേപ്പറില്‍ സുറിയാനിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കാതോലിക്കാ ബാവയില്‍ നിന്ന് ബാലറ്റ് പേപ്പര്‍ വാങ്ങി മദ്ബഹയുടെ പടിക്കലെത്തി ചുവന്ന മഷി ഉപയോഗിച്ച് കുരിശടയാളത്തില്‍ വോട്ട് രേഖപ്പെടുത്തും. തുടര്‍ന്ന് ബലിപീഠത്തില്‍ പ്രത്യേകം തയാറാക്കി െവച്ചിരിക്കുന്ന കാസായില്‍ ബാലറ്റ് നിക്ഷേപിക്കും. വോട്ട് എണ്ണി ബാലറ്റ് പേപ്പര്‍ കത്തിച്ചുകളയും. എന്നാല്‍ സന്നിഹിതരല്ലാത്തവര് സിനഡിന് നല്കിയ വോട്ട് നശിപ്പിക്കില്ല. വീണ്ടും വോട്ടെടുപ്പ് വേണ്ടി വന്നാല്‍ അവ ഉപയോഗിക്കും.
ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മെത്രാനോട് കാതോലിക്കാ പാത്രിയര്്ക്കീസ് ആകാനുള്ള സമ്മതം ചോദിക്കും. അദ്ദേഹം അംഗീകരിച്ചാല്‍ സിനഡ് തിരഞ്ഞെടുപ്പ് അംഗീകരിക്കും. എല്ലാ മെത്രാന്മാരും അദ്ദേഹത്തോടുള്ള വിധേയത്വം പ്രഖ്യാപിച്ച് എഴുന്നേറ്റ് നില്ക്കും. തുടര്‍ന്ന് പരസ്യമായി പുതിയ പാത്രിയര്‍ക്കീസിനെ പ്രഖ്യാപിക്കും. അപ്പോള്‍ പള്ളി മണികള്‍ കൂട്ടത്തോടെ മുഴങ്ങും. നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച് നടക്കുന്ന നന്ദിപ്രാര്ത്ഥനയില് നിയുക്ത പാത്രിയര്‍ക്കീസ് ആശീര്‍വാദ പ്രാര്‍ത്ഥന ചൊല്ലും.
തിരഞ്ഞെടുക്കപ്പെട്ടയാള്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. രണ്ടോ അതിലധികമോ പേര്‍ക്ക് തുല്യ വോട്ട് ലഭിച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുപ്പ് പൂര്ത്തിയായശേഷമെ മെത്രാപ്പോലീത്താമാര്‍ കത്തീഡ്രലില്‍ നിന്ന് പുറത്തുവരാറുള്ളൂ.
സ്ഥാനാരോഹണത്തിന് മുമ്പ് നിയുക്ത പാത്രിയര്‍ക്കീസിന്റെ എല്ലാ സ്വത്തും കാലശേഷം പാത്രിയര്‍ക്കാ സിംഹാസനത്തിലേക്ക് വന്ന് ചേരുമെന്ന് ഉടമ്പടിയെഴുതും. കാലം ചെയ്ത പാത്രിയര്‍ക്കീസിന്റെ നാല്പതാം അടിയന്തരത്തിന് ശേഷമായിരിക്കും സ്ഥാനാരോഹണം. കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയായിരിക്കും സ്ഥാനാരോഹണം. കാലം ചെയ്ത പാത്രിയര്‍ക്കീസിന്റെ ശേഷിപ്പുകള്‍ തുടര്‍ന്ന് എഴുന്നള്ളിക്കും. എല്ലാ രേഖകള്‍ക്കുമൊപ്പം ഇതും പാത്രിയര്‍ക്കീസ് സ്വീകരിക്കുന്നതോടെ സഭാ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാകും.