പാത്രിയര്‍ക്കീസിനെ ഒഴിവാക്കി 1934 ലെ ഭരണഘടന സ്വീകരിക്കാനാവില്ല: കോടതി
കൊച്ചി: വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയാണെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കേസ് എറണാകുളം ജില്ലാക്കോടതി തള്ളി.പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ സഭയുടെ പരമമേലധ്യക്ഷനാണെന്ന് അംഗീകരിക്കാത്തിടത്തോളം 1934 ലെ ഭരണഘടന ബാധകമാക്കാനുള്ള ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നു കോടതി വ്യക്‌തമാക്കി. പള്ളി ഭരണസമിതിക്ക് എതിരേയുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാടുകളും ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല. യാക്കോബായ സഭയിലെ ആത്മീയസ്‌ഥാനികള്‍ക്കെതിരേ നിരോധനം വേണമെന്നുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യവും ഇതോടൊപ്പം തള്ളിയിട്ടുണ്ട്.വരിക്കോലി പള്ളി സംബന്ധിച്ചുള്ള കോടതി ഉത്തരവ് യാക്കോബായ സഭയുടെ നിലപാടുകള്‍ക്കു ലഭിച്ച അംഗീകാരമാണെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കോടതി വിധി യാക്കോബായ സഭയ്‌ക്ക് അനുകൂലമാണ്. എങ്കിലും മറുവിഭാഗത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ തടസപ്പെടുത്തുന്ന നടപടി സഭയുടെ ഭാഗത്തുനിന്നു ഉണ്ടാവില്ലെന്നു ബാവ വ്യക്‌തമാക്കി.