തൃക്കുന്നത്ത് സെമിനാരി പ്രശ്‌നം കോതമംഗലത്ത് പ്രതിഷേധ യോഗം
കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബാവയേയും മെത്രാപ്പോലീത്തമാരേയും ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ പ്രാര്‍ത്ഥനയ്ക്കു പ്രവേശിച്ചപ്പോള്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.കോതമംഗലം മാര്‍തോമ ചെറിയപള്ളിയില്‍ നടന്ന യോഗം സഭ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സര്‍ക്കാരില്‍ നിന്ന് സഭയ്ക്ക് യാതൊരുവിധ നീതിയും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.പോലീസ് കുറ്റവാളികളോടെന്നപോലെയാണ് ശ്രേഷ്ഠ ബാവയോടും മെത്രാപ്പോലീത്തമാരോടും പെരുമാറിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സഭാ സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസ്, ദല്‍ഹി മൈലാപ്പൂര്‍ ഭദ്രാസനം മെത്രാപ്പോലീത്ത ഐസക് മാര്‍ ഒസ്താത്തിയോസ്, സഖറിയ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത, ഡോ. മാത്യൂസ് മാര്‍ അന്തീമോസ്, മിഖായേല്‍ റമ്പാന്‍, ടി.യു. കുരുവിള എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്തു.