മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ഇന്ന് പുറപ്പെടും
നെടുമ്പാശ്ശേരി: വടക്കന്‍ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര തിങ്കളാഴ്ച ചെറിയ വാപ്പാലശ്ശേരി മോര് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന് പുറപ്പെടും. പള്ളിയിലെ തിരുശേഷിപ്പ് കബറില്‍ നിന്ന് കൊളുത്തുന്ന ദീപശിഖയും പാത്രിയര്‍ക്കാ പതാകയും കൈമാറി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തീര്‍ത്ഥയാത്രയ്ക്ക് തുടക്കം കുറിക്കും. മെത്രാപ്പോലീത്തമാരായ ഡോ. എബ്രഹാം മോര് സെവേറിയോസ്, ഡോ. ഏല്യാസ് മോര് അത്തനാസിയോസ് എന്നിവര്‍ തീര്‍ത്ഥയാത്രയെ ആശിര്‍വദിക്കും. കടവില്‍ പൗലോസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തിയ ശേഷം തീര്‍ത്ഥയാത്ര പുറപ്പെടും.ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഛായാചിത്രങ്ങള്‍ വെച്ചലങ്കരിച്ച രഥത്തിനു പിന്നിലായി വിശ്വാസികള്‍ നടന്നു നീങ്ങും.തീര്‍ത്ഥയാത്രയ്ക്ക് വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കും. വിവിധ പള്ളികളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വഴിമധ്യേ പ്രധാന തീര്‍ത്ഥയാത്രയോടൊപ്പം ചേരും. ഏഴിന് വൈകീട്ട് തീര്‍ത്ഥയാത്ര മഞ്ഞനിക്കരയില്‍ എത്തിച്ചേരും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും ചേര്‍ന്ന് തീര്‍ത്ഥയാത്രയെ സ്വീകരിക്കും. കേരളത്തിലെ 600 ഓളം കേന്ദ്രങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥയാത്രകള്‍ ഒരുമിച്ചാണ് മഞ്ഞനിക്കരയിലെത്തിച്ചേരുന്നത്. ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുക്റോനോ പെരുന്നാളില്‍ പങ്കെടുത്ത ശേഷം വിശ്വാസികള്‍ മടങ്ങും.