എളംകുളം സെന്റ് മേരീസ് സൂനോറോ പാത്രിയര്‍ക്കാ കത്തീഡ്രല്‍ റൂബി ജൂബിലി നിറവില്‍
കൊച്ചി: എളംകുളം സെന്റ് മേരീസ് സൂനോറോ പാത്രിയര്‍ക്കാ കത്തീഡ്രല്‍ റൂബി ജൂബിലി നിറവില്‍.കൊച്ചി നഗരത്തില്‍ താമസിക്കുന്ന യാക്കോബായ സുറിയാനിക്കാരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കടവന്ത്ര എളംകുളത്ത് പള്ളി നിര്‍മിച്ചിട്ട് 40 വര്‍ഷം പൂര്‍ത്തിയാവുകയാണ്. റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം ഞായറാഴ്ച രാവിലെ വി. കുര്‍ബാനയെ തുടര്‍ന്ന് പത്തുമണിക്ക് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ നടക്കും. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി കെ.വി. തോമസ് നിര്‍വഹിക്കും.
ജൂബിലി ലോഗോ പ്രകാശനം മന്ത്രി കെ. ബാബുവും ജൂബിലി സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മാണ ഉദ്ഘാടനം ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീമും നിര്‍വഹിക്കും.
ഇടവക സ്വരൂപീച്ച സിറിയന്‍ ഫണ്ട് കത്തീഡ്രല്‍ കോണ്ഗ്രിഗേഷന് പ്രസിഡന്റും യാക്കോബായ സുറിയാനി സഭാ സെക്രട്ടറിയുമായ ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കലില് നിന്ന് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര് ഗ്രിഗോറിയോസ് ഏറ്റുവാങ്ങും. പാത്രിയര്‍ക്കീസ് ബാവയുടെ ആശംസാ കല്പന പാത്രിയര്‍ക്കാ സെക്രട്ടറി മാത്യൂസ് മോര് തിമോത്തിയോസ് വായിക്കും.
എം.എല്‍.എമാരായ ബെന്നി ബഹനാന്, ഡൊമനിക് പ്രസന്റേഷന് എന്നിവരും ഡോ. ഡി. ബാബു പോള്‍, കത്തീഡ്രല്‍ വികാരി ഫാ. സാജു ജോര്‍ജ് കുരിക്കപ്പിള്ളില്‍, ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സീനിയര്‍ അഡ്വ. എബ്രഹാം വാക്കനാല്‍ എന്നിവര്‍ പ്രസംഗിക്കും.
പുണ്യശ്ലോകനായ പെരുമ്പിള്ളില്‍ ഗീവര്‍ഗീസ് മോര് ഗ്രീഗോറിയോസ് 1974ല്‍ മുപ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച എളംകുളം സെന്റ് മേരീസ് ചാപ്പല്‍ ഇന്ന് 600 ഓളം ഇടവകക്കാരുള്ള പാത്രിയര്‍ക്കാ കത്തീഡ്രലായി വളര്‍ന്നു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പള്ളിയില്‍ ദൈവമാതാവിന്റെ സൂനോറോ (ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ അംശം) സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വരുന്ന വിശ്വാസികള്‍ക്കും പ്രദേശത്തിനും തിരുശേഷിപ്പ് അനുഗ്രഹമായി തീര്‍ന്നിട്ടുണ്ടെന്ന് വികാരി ഫാ. സാജു ജോര്‍ജ് കുരിക്കപ്പിള്ളില്‍ പറഞ്ഞു. അനേകര്‍ ഇവിടെ വന്ന് സൂനോറോ വണങ്ങി അമ്മയുടെ മധ്യസ്ഥതയാല്‍ അനുഗ്രഹം പ്രാപിക്കാറുണ്ട്. രോഗസൗഖ്യവും സന്താന സൗഭാഗ്യവും സാമ്പത്തിക ക്ലേശങ്ങള്‍ക്കു പരിഹാരവും അത്ഭുതകരമായ നിരവധി സഹായങ്ങളും നേടിയിട്ടുള്ളവരുടെ സാക്ഷ്യം പള്ളിയുടെ മഹത്വത്തിന് മാറ്റ് കൂട്ടുന്നു.
പുതിയ ചാപ്പലിന്റെ ആരംഭം, രണ്ട് വീടുകള്‍ നിര്‍മിച്ചു നല്കല്, ജൂബിലി സ്മാരക ഓഡിറ്റോറിയം നിര്‍മാണം, അവയവദാന ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തി ഫോറം രൂപീകരിക്കല്‍, വിശുദ്ധനാട് തീര്‍ഥാടനം, ചികിത്സാ സഹായം തുടങ്ങി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കുകയെന്ന് കോണ്ഗ്രിഗേഷന് പ്രസിഡന്റ് ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ പറഞ്ഞു.