ശ്രേഷ്ഠ ബാവാ പ്രാര്‍ത്ഥനയജ്ഞം ആരംഭിച്ചു
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ക്ക് ആരാധന സ്വാതന്ത്ര്യം ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സഭാ വിശ്വാസികളുടെ സംഗമം ഒക്‌ടോബര്‍ 13-ാം തിയതി 4 മണിക്ക് കോലഞ്ചേരിയില്‍ നടക്കും. സഭയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ സംഗമത്തില്‍ പങ്കെടുക്കും. കടുംബയൂണിറ്റുകള്‍, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണസമിതി, യൂത്ത് അസോസിയേഷന്‍, കേഫാ, മര്‍ത്തമറിയം വനിതാസമാജം, സണ്ടേസ്‌കൂള്‍ എന്നീ ആത്മീയ സംഘടനകള്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള നിര്‍ദ്ദേശം സഭാ കേന്ദ്രത്തില്‍ നിന്ന് നല്‍കി. കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ക്ക് ആരാധന സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സഹന സമരം തുടരുമെന്ന് കോലഞ്ചേരി ചാപ്പലില്‍ ചേര്‍ന്ന സഭാ നേതൃത്വ യോഗം തീരുമാനിച്ചു. കോലഞ്ചേരി പള്ളിയില്‍ ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് ആരാധനയ്ക്കുള്ള അവകാശം നിഷേധിച്ചിരിക്കുകയാണ്. ന്യൂനപക്ഷത്തിനുവേണ്ടി ഭൂരിപക്ഷത്തിന്റെ അവകാശം നിഷേധിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. പള്ളിയില്‍ തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് പള്ളിയുടെ ഭരണം വിട്ടുകൊടുക്കകയാണ് വേണ്ടത് എന്ന് യോഗം വിലയിരുത്തി. സഹന സമരത്തിന് നേതൃത്വം നല്‍കുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ആരോഗ്യ നിലയില്‍ യോഗം ആശങ്ക പ്രകടിപ്പിക്കുന്നു. വിശ്വാസികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസംഗത പ്രകടിപ്പിക്കുന്ന നടപടിയില്‍ ആശങ്ക ഉളവാക്കുന്നു. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സഹനത്തിന്റെ മാര്‍ഗ്ഗത്തിലാണ് സഭ മുമ്പോട്ട് പോകുന്നത്. തുടര്‍ ദിവസങ്ങളില്‍ പ്രാര്‍ത്ഥനായജ്ഞം ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായി മുമ്പോട്ടു കൊണ്ടു പോകുവാന്‍ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. ദീര്‍ഘനാളുകളായി കോലഞ്ചേരി പളളി തര്‍ക്കം പരിഹരിക്കുവാനായി നടന്ന ചര്‍ച്ചകള്‍ ഫലവത്താകാത്തത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിഷേധാത്മകമായ നിലപാട് മൂലമാണെന്ന് യോഗം വിലയിരുത്തി.
അഭി. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ..
(മീഡിയ സെല്‍ ചെയര്‍മാന്‍ )
06.10.2013, 10:33 PM