അടിവേരുകളില്ലാത്ത വളര്‍ച്ച അപകടമുണ്ടാക്കും :ഡോ.റാഫേല്‍ തട്ടില്‍
അടിവേരുകളില്ലാത്ത വളര്‍ച്ച അപകടമുണ്ടാക്കുമെന്ന് തൃശ്ശൂര്‍ രൂപതാ മെത്രാന്‍ ഡോ.റാഫേല്‍ തട്ടില്‍ പറഞ്ഞു.പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ നടന്നു വരുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ മൂന്നാം ദിവസത്തെ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ശക്തമായ അടിത്തറയില്ലെങ്കില്‍ എന്തൊക്കെ നേടിയാലും ബാബേലിലെ ഗോപുരം പോലെ തകരും.ദൈവകൃപയുടെ കണ്ണടയില്ലാതെ മനുഷ്യന്‍ കാണുന്നതൊക്കെയും ദുരാശയോടെയായിരിക്കും.ഇന്നത്തെ സമൂഹത്തില്‍ കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു പിന്നിലും പണത്തിനോടുള്ള ആര്‍ത്തിയും ജഡത്തിന്റെ വ്യാമോഹവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.പഴയ തലമുറ അനുഭവിച്ച ദുരിതങ്ങളില്‍നിന്നും അവര്‍ ആര്‍ജിച്ച സംസ്‌കാരവും എളിമയും ഇന്നത്തെ തലമുറക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ മര്‍ത്തോമ്മ സഭയിലെ സജി തിരുവല്ല മുഖ്യ സന്ദേശം നല്‍കി.ഏലിയാസ് മാര്‍ അത്താനാസിയോസ്, എബ്രാഹാം മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ അന്തിമോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ്, കുര്യാക്കോസ് മാര്‍ യൗസേബിയൂസ്, മാത്യൂസ് മാര്‍ അഫ്രേം, സഖറിയസ് മാര്‍ പോളിക്കാര്‍പ്പോസ് എന്നിവര്‍ സംബന്ധിച്ചു. തിങ്കളാഴ്ച വൈകിട്ട് മാത്യുസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തും.