മനസ്സിന്റെ വേദനകള്‍ ദൈവത്തില്‍ സമര്‍പ്പിച്ച് സമാധാനം കണ്ടെത്തണം – കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത
മനസ്സിന്റെ വേദനകള്‍ മുഴുവന്‍ ദൈവത്തില്‍ സമര്‍പ്പിച്ച് സ്വയം സമാധാനം കണ്ടെത്തണമെന്ന് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ നടന്നു വരുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ രണ്ടാം ദിവസം ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മനുഷ്യജീവിതത്തിലെ ദുഃഖങ്ങളും വേദനയും അവന് ദൈവത്തില്‍ സമര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ ശക്തനാക്കുന്നു. മനസ്സ് മലിനമാക്കപ്പെടുമ്പോള്‍ പകയും പരദ്രോഹ ബുദ്ധിയുമുണ്ടാകുന്നു. ഇത് മനഃസമാധാനം കെടുത്തുമെന്ന് മാത്രമല്ല അവന്റെ ജീവിതവും തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ഇ.സി. വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ യോഗത്തില്‍ മുഖ്യസന്ദേശം നല്കി. ഏലിയാസ് മാര്‍ അത്തനാസിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, യാക്കോബ് മാര്‍ അന്തോണിയോസ്, മാത്യൂസ് മാര്‍ അന്തിമോസ്, മാത്യൂസ് മാര്‍ ഈവാനിയോസ് എന്നിവര്‍ സംബന്ധിച്ചു. ഞായറാഴ്ച രാവിലെ 10.30ന് ധ്യാനയോഗം, വൈകീട്ട് 5.30ന് സന്ധ്യാപ്രാര്‍ഥന, തൃശ്ശൂര്‍ രൂപതാ അധ്യക്ഷന്‍ ഡോ. റാഫേല്‍ തട്ടില്‍ ആമുഖ സന്ദേശം നല്‍കും.