ദേവാലയങ്ങളില്‍ സ്ലീബാ പെരുന്നാള്‍
അങ്കമാലി: അകപറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ 12നും 13നും വിശുദ്ധ സ്ലീബാ പെരുന്നാള്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാനയുണ്ട്. 8.45ന് ഫാ. വര്‍ഗീസ് പാലയില്‍ പെരുന്നാളിന് കൊടിയേറ്റും. വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് പഞ്ചസാരമണ്ട ഒരുക്കല്‍. ശനിയാഴ്ച രാവിലെ 8.30ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സ്ലീബാ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേര്‍ച്ച വിളമ്പല്‍ എന്നിവ ഉണ്ടാകും.
കരയാംപറമ്പ് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വിശുദ്ധ സ്ലീബാ പെരുന്നാളും കിഴക്കേ കുരിശിന്തൊട്ടിയുടെ പ്രതിഷ്ഠാ വാര്‍ഷികവും 13നും 14നും നടക്കും.
ശനിയാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന, 9.30ന് ഫാ. ഷെബി ജേക്കബ് മഴുവഞ്ചേരി പെരുന്നാളിന് കൊടിയേറ്റും. വൈകീട്ട് 7.30ന് സന്ധ്യാപ്രാര്‍ഥന.
ഞായറാഴ്ച രാവിലെ 8.30ന് കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, സമര്‍പ്പണ ശുശ്രൂഷ, നേര്‍ച്ച വിളമ്പല്‍ എന്നിവ ഉണ്ടാകും.
അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലില്‍ 14ന് സ്ലീബാ പെരുന്നാള്‍ ആഘോഷിക്കും.
കാലടി: മഞ്ഞപ്ര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്ലിബാ പെരുന്നാളും ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളും 13നും 14നും നടക്കും. 13ന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, സമര്‍പ്പണ പ്രാര്‍ഥന.
14ന് 7.30ന് പ്രഭാത പ്രാര്‍ഥന, പെരുന്നാള്‍ സന്ദേശം. ധൂപപ്രാര്‍ഥന, തമുക്ക് നേര്‍ച്ച വിതരണം എന്നിവ ഉണ്ടാകും.